മുടപുരം : വിമുക്തഭടനെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് മുടപുരം ശിവകൃഷ്ണപുരം കൊട്ടാരത്തിൽ വീട്ടിൽ രാജനെ(75)യാണു ആലപ്പുഴ പള്ളിപ്പാട്ട് ആളൊഴിഞ്ഞ വീടിനു സമീപത്തെ പറമ്പിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. രാജനെ ഏപ്രിൽ 10 മുതൽ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ ചിറയിൻകീഴ് പൊലീസിൽ പരാതി നൽകുകയും മാധ്യമങ്ങളിൽ വാർത്ത നൽകുകയും ചെയ്തിരുന്നു.
പള്ളിപ്പാട് സ്വദേശിയായ രാജൻ വിവാഹാനന്തരം വർഷങ്ങളായി ചിറയിൻകീഴ് ശിവകൃഷ്ണപുരത്ത് കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു. സൈന്യത്തിൽ നിന്നു പിരിഞ്ഞശേഷം പണം പലിശയ്ക്കു കൊടുത്തുവന്നിരുന്നു. ഇതിനിടെ കുറെ നാളുകളായി പള്ളിപ്പാട്ട് എത്തുകയും അവിടെയും പണം പലിശയ്ക്കു നൽകിവരുകയും ചെയ്തിരുന്നതായി ബന്ധുക്കൾ അറിയിച്ചു.
ഇടയ്ക്കു പള്ളിപ്പാട്ടുള്ള മൂന്നുപേർക്കു പണം പലിശയ്ക്കു നൽകിയതു യഥാസമയം പലിശ സഹിതം തിരിച്ചു നൽകാത്തതിനെത്തുടർന്നു മൂവർസംഘവുമായി വഴക്കുണ്ടായതായും തുടർന്നുള്ള ദിവസങ്ങളിൽ രാജനെ കാണാതാവുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് നടത്തിയ അന്വേഷണത്തിൽ പള്ളിപ്പാട് സ്വദേശികളായ വിഷ്ണു, രാജേഷ്, ശ്രീകാന്ത് എന്നിവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകം പുറത്തായത്.
പ്രതികൾ രാജനെ കൊന്നു കുഴിച്ചുമൂടിയിരുന്ന സ്ഥലം പൊലീസിനു കാണിച്ചുകൊടുത്തു ജഡം കണ്ടെത്തി. തുടർന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം രാത്രിയോടെ ചിറയിൻകീഴ് ശിവകൃഷ്ണപുരത്തെ വീട്ടിലെത്തിച്ചു സംസ്കാരം നടത്തി. ഭാര്യ വിജയമ്മ. മക്കൾ അനിൽകുമാർ, അനിത(ലത). മരുമക്കൾ സുനിത, പ്രശാന്തൻ. പൊതുരംഗത്തു സജീവമായിരുന്ന രാജൻ ഏറെക്കാലം ശിവകൃഷ്ണപുരം ശിവകൃഷ്ണക്ഷേത്രം ട്രസ്റ്റ് ട്രഷററും ശിവകൃഷ്ണപുരം എസ്എൻഡിപി ശാഖായോഗം സ്ഥാപക പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്.