വിതുര : വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയില് കാട്ടാനക്കൂട്ടമിറങ്ങി. പൊന്മുടി പതിനെട്ടാം ഹെയർ പിൻ വളവിനടുത്താണ് കാട്ടാനകളിറങ്ങിയത് . കുഞ്ഞുങ്ങൾ അടക്കമുള്ള കാട്ടാനകള്‍ പച്ചപ്പുല്ല് തേടിയാണ് കുന്നുകയറിയത്. നേരത്തെ തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ കാട്ടാന ശല്ല്യമുണ്ടായിരുന്നു. വനംവകുപ്പിന്റെ റാപ്പിഡ് ഫോഴ്സ് എത്തിയാണ് അന്ന് ആനയെ തുരത്തിയത്.വേനലവധിയായതോടെ പൊന്മുടിയില് സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെയാണ് ആനക്കൂട്ടം കുട്ടിക്കൊമ്പനുമായി കുന്നിനുമുകളിലെത്തിയത്. ഏറെനേരം ഇവിടെ തങ്ങിയ ആനക്കൂട്ടം സന്ദര്‍ശകര്‍ക്കും കാഴ്ച്ചയുടെ വിരുന്നൊരുക്കി. ആനക്കൂട്ടത്തെ കണ്ടതോടെ സന്ദര്‍ശകര്‍ വാഹനങ്ങള്‍ നിര്‍ത്തി പുറത്തിറങ്ങി. ഇത് ഗതാഗതക്കുരുക്കിനും കാരണമായി. ഇതിനു പുറമെ കാട്ടു പോത്തുകളും പൊന്മുടിയിലും സമീപ പ്രദേശങ്ങളിലും കൂട്ടത്തോടെ ഇറങ്ങുന്നത് പതിവ് കാഴ്ചയാണ് .