വെഞ്ഞാറമൂട്: നാട്ടിൻ പുറങ്ങളിൽ മുട്ടക്കോഴി വളർത്തി ഉപജീവനം നടത്തുന്ന കർഷകർ ഗുരുതര പ്രതിസന്ധിയിൽ. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ കോഴി തീറ്റ കമ്പനികൾ തീറ്റയിൽ വരുത്തിയ വില വർദ്ധനവാണ് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് മുൻപ് ഒരു ചാക്ക് കോഴി തീറ്റയ്ക്ക് ആയിരത്തി അൻപത് രൂപയായിരുന്നു വില. എന്നാൽ ഇന്ന് ഒരു ചാക്ക് തീറ്റക്ക് ആയിരത്തി മുന്നൂറ് രൂപ നൽകേണ്ട ഗതികേടിലാണ് കർഷകർ. തീറ്റയുടെ വില കൂടിയിട്ടും മുട്ടയുടെ വില വർദ്ധിക്കാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കോഴി വളർത്തൽ ജീവിത വരുമാന മാർഗമായി സ്വീകരിച്ച നിരവധി പേരാണ് വെഞ്ഞാറമൂട്ടിലുള്ളത്.
എന്നാൽ തീറ്റയിൽ വന്ന വിലവർദ്ധന എല്ലാം തകിടം മറിച്ചിരിക്കുകയാണ്. തീറ്റ കമ്പനികൾ പറയുന്നത് വടക്കേ ഇന്ത്യയിൽ ചോളം കൃഷിയിൽ വന്ന ഉല്പാദന കുറവാണ് തീറ്റ വില വർദ്ധനയ്ക്ക് പ്രധാന കാരണം എന്നാണ്.
നാട്ടിൻപുറങ്ങളിൽ നിരവധി വീട്ടമ്മമാർ മൈക്രോ സംഘങ്ങൾ വഴിയും, ബാങ്കുകൾ നേരിട്ടും മുട്ട കോഴികളെ വളർത്തുന്നതിന് ലോൺ നൽകിയിരുന്നു. ഇപ്പോൾ ലോൺ തിരിച്ചടക്കുന്നതിലും പ്രതിസന്ധി നേരിടുകയാണ്. ഈ രംഗത്ത് 2000 ത്തിലധികം വനിതാകർഷകർ അംഗങ്ങളായിട്ടുള്ള നമ്പാർഡിന്റെ ഫാർമേഴ്സ് പ്രൊഡ്യൂസെർ കമ്പനിയായ സമ്പർമതി കർഷകർക്ക് ആശ്വാസമായി സർക്കാർ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ടിരിക്കുകയാണ്. സർക്കാരിന്റെ ഭാഗത്ത് നിന്ന് കർഷകർക്ക് ആശ്വാസം നൽകുന്ന നടപടി ഉണ്ടാകും എന്ന പ്രതിക്ഷയിലാണ് കോഴി കർഷകർ