വിളവൂർക്കൽ: ഏക്കറുകണക്കിന് കൃഷിഭൂമി വിളവൂർക്കൽ പഞ്ചായത്തിൽ അനധികൃതമായി നികത്തുന്നു. നാലാംകല്ലിലാണ് വ്യാപകമായി വയൽ നികത്തുന്നത്. കുന്നിടിച്ചാണ് ഭൂമി നികത്തുന്നത്.
കൃഷിയിടങ്ങളിലേക്കുള്ള നീർച്ചാലുകളും കൂട്ടത്തിൽ നികത്തുന്നുണ്ട്. മണ്ണുകച്ചവട മാഫിയയാണിതിനു പിന്നിലെന്ന് പറയുന്നു. നീർച്ചാലുകൾ നികന്നതോടെ സമീപത്തെ കിണറുകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. രാത്രി സമയത്ത് നടക്കുന്ന അനധികൃത പ്രവർത്തനത്തിന് പോലീസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണമുണ്ട്.
ചെറിയ വിലയ്ക്കുവാങ്ങുന്ന വയലുകളാണ് ഭൂമാഫിയ മണ്ണിട്ടു നികത്തി പ്ലോട്ടുകളാക്കി മറിച്ചു വിൽക്കുന്നത്. ഇത്തരം സംഘങ്ങൾ വിളവൂർക്കലിനു പുറമേ മലയിൻകീഴ്, വിളപ്പിൽ പഞ്ചായത്തുകളിൽ സജീവമാണ്.
 
								 
															 
								 
								 
															 
															 
				

