വിളപ്പിൽ : പുലർച്ചെ തട്ടുകട തുറക്കാനെത്തിയ സ്ത്രീയുടെ കണ്ണിൽ മുളകുപൊടി വിതറി താലിമാല പൊട്ടിച്ചെടുത്തു. വിളപ്പിൽശാല ചെക്കിട്ടപ്പാറ കവലയിൽ തട്ടുകട നടത്തുന്ന കുടപ്പനവിള വീട്ടിൽ വിജയമ്മ(62)യുടെ രണ്ടേകാൽപ്പവൻ തൂക്കം വരുന്ന മാലയാണ് അക്രമി പൊട്ടിച്ചെടുത്തു കടന്നത്.
പുലർച്ചെ നാലേമുക്കാലോടെ സ്ഥിരമായി വരുന്ന സമയത്താണിവർ കട തുറക്കാനെത്തിയത്. വീട്ടിൽനിന്ന് 200 മീറ്റർ മാറിയാണ് വിജയമ്മയുടെ കട. വീട്ടിൽനിന്നു കടയിലേക്കുള്ള സാധനങ്ങളുമായി വരുമ്പോഴായിരുന്നു അക്രമം. ഇടവഴിയിൽ പതുങ്ങിനിന്ന അക്രമി പിന്നിലൂടെ വന്ന് കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിച്ചെടുത്ത് ഇരുട്ടിൽ മറഞ്ഞു. വിളപ്പിൽശാല തുടർ നടപടികൾ സ്വീകരിച്ചു.
								
															
								
								
															
				

