വര്‍ക്കല: യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. വെട്ടൂര്‍ അരിവാളം ഷംനാമന്‍സിലില്‍ ആസാദിനെ(30) പുത്തന്‍ചന്ത റെയില്‍വെ മേല്‍പാലത്തിന് സമീപം വച്ച് മാരകായുധങ്ങള്‍ ഉപയോഗിച്ച് മൃഗീയമായി വെട്ടിയും കുത്തിയും പരിക്കേല്‍പിച്ച കേസിലെ പ്രതികളാണ് പിടിയിലായത്. വെട്ടൂര്‍ ആശാന്‍മുക്ക് വാഴവിളവീട്ടില്‍ സൈജു (26), ഇയാളുടെ സഹോദരന്‍ മാഹീന്‍ (27), ചിലക്കൂര്‍ പുന്നക്കൂട്ടംവീട്ടില്‍ മിമി എന്നു വിളിക്കുന്ന ബൈജു (27) എന്നിവരാണ് അറസ്റ്റിലായത്.
മാര്‍ച്ച് 24-ാം തീയതി ആസാദ് വെട്ടൂര്‍ ജെംനോ സ്കൂളിനു സമീപം വച്ച് അറസ്റ്റിലായ സൈജുവിനെ വാള്‍കൊണ്ട് വെട്ടി പരിക്കേല്‍പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
ആസാദിന്‍റെ പേരില്‍ വര്‍ക്കല, അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ സൈജുവിന്റെ പേരിലും വര്‍ക്കല, നെടുമങ്ങാട്, അഞ്ചുതെങ്ങ്, അയിരൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ അടിപിടി, സ്ത്രീപീഡനം ഉള്‍പെടെ നിരവധി കേസുകള്‍ നിലവിലുളളതായി പൊലീസ് പറഞ്ഞു.മാഹീന്‍, ബൈജു എന്നിവരുടെ പേരിലും കേസുകളുണ്ട്. ആസാദും അറസ്റ്റിലായ പ്രതികളും തമ്മില്‍ ഏറെക്കാലമായി കുടിപ്പകയിലും ശത്രുതയിലും കഴിഞ്ഞു വരികയായിരുന്നു. ഇരുകൂട്ടര്‍ക്കുമെതിരെ ഇതിന്‍റെ പേരില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ നടന്നു വരികയായിരുന്നു. വര്‍ക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടക്കുന്നതിനിടയിലാണ് വെട്ടൂര്‍ ആശാന്‍മുക്കിനു സമീപത്തു നിന്നും പ്രതികളെ പിടികൂടിയത്.