വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2018 ൽ നടന്ന ക്ഷേത്ര മോഷണകേസ്സ് ശാസ്ത്രീയ കുറ്റാന്വേഷണത്തിലൂടെ മൂന്ന് വർഷങ്ങൾക്ക് ശേഷം തെളിഞ്ഞു. പിടികിട്ടാപുള്ളിയും ഒട്ടനവധി മോഷണ കേസ്സുകളിലെ പ്രതിയുമായ കല്ലറ ,വളക്കുഴിപച്ച ചരുവിളവീട്ടിൽ ബാബു ( 38) വിനെയാണ് വെഞ്ഞാറമൂട് പോലീസും , ഷാഡോ , ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്.
മേലാറ്റുമൂഴി ,കരിങ്കുറ്റികര, കുറ്റിക്കാട് ക്ഷേത്രഓഫീസ് കുത്തിതുറന്ന് ഓഫീസിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ പൊട്ടുകളും , പണവും അപഹരിച്ച പ്രതി ഓഫീസിലെ ഫയലുകളും മറ്റും നശിപ്പിച്ച് കാണിക്കവഞ്ചിയിലെ പണം കുത്തിതുറന്ന് മോഷ്ടിക്കുകയും ചെയ്തിരുന്നു. അന്ന് വിശദമായ അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടാൻ കഴിഞ്ഞിരുന്നില്ലാ. ശാസ്ത്രീയ കുറ്റാന്വേഷണരീതിയിലൂടെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
വർക്കല , അയിരൂർ, പാങ്ങോട് ,വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണകേസ്സുകളിലെ പ്രതിയായ ഇയാൾ 2012ൽ വർക്കല ശിവഗിരി മഠം കുത്തിതുറന്ന് മോഷണം നടത്തിയ കേസ്സിലേയും പ്രതിയാണ്. ഈ കേസ്സുകളിലേക്ക് ഇയാൾക്കെതിരെ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടും നിലവിലുണ്ട്. ജില്ലക്ക് പുറത്ത് വാടക വീടെടുത്ത് മാറി മാറി താമസിച്ച് ആണ് ഇയാൾ മോഷണങ്ങൾ നടത്തിയിരുന്നത്.
ഓണക്കാലത്തോടനുബന്ധിച്ച് മോഷണ സംഘങ്ങൾക്കെതിരെ തിരു: റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ്സ് സുനീഷ്ബാബുവിന്റെയും, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.കെ സുൽഫീക്കറിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് തുടരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായത്.
വെഞ്ഞാറമൂട് പോലീസ് ഇൻസ്പെക്ടർ വി. സൈജുനാഥിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ എസ്.ശ്രീകുമാർ , എസ്.ശ്യാമകുമാരി എസ്.സി.പി.ഒ ഷൈജു ബി.ആർ ഷാഡോ ഡാൻസാഫ് ടീമിലെ എ.എസ്.ഐ ബി.ദിലീപ് സി.പി.ഒ മാരായ അനൂപ് , സുനിൽ രാജ് എന്നിവരുടെ സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ മൂന്ന് വർഷങ്ങൾക്ക് ശേഷം പിടികൂടിയത്.