ആറ്റിങ്ങൽ : സംസ്ഥാനത്തെ പ്രധാന കെഎസ്ആർടിസി ഡിപ്പോകളിൽ ഒന്നായ ആറ്റിങ്ങൽ ഡിപ്പോയിൽ ദീർഘദൂര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതായി വ്യാപക പരാതി. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കിട്ടാത്തത് ജനങ്ങളെ വലയ്ക്കുന്നു നേരത്തെ തെങ്കാശി സർവീസ് നിർത്തലാക്കിയിരുന്നു എന്നാൽ ഇപ്പോൾ ഗുരുവായൂർ സർവീസും നിർത്തലാക്കാനുള്ള നീക്കം ആണ് നടക്കുന്നത്.
സ്വകാര്യബസുകളുടെ കഴുത്തറുപ്പൻ നയത്തിനെതിരെ ജനങ്ങൾ കെഎസ്ആർടിസി ബസുകൾ ആശ്രയിക്കുമ്പോൾ ഇത്തരത്തിൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നിർത്തലാക്കുന്നത് ജനങ്ങൾക്ക് മേലുള്ള വെല്ലുവിളിയായി മാറുകയാണ്. ദീർഘ ദൂര സർവീസുകൾ നിർത്തലാക്കുന്നതോടെ ജനങ്ങൾക്ക് ബസ്സുകൾ പലതും കയറി ഇറങ്ങി പോകേണ്ട അവസ്ഥയാണ്. കൃത്യമായി ബസ് സർവ്വീസ് നടത്തണമെന്ന മെമ്മോറാണ്ടം നിലനിൽക്കെയാണ് ബസ് സർവീസ് നിർത്തലാക്കുന്നത്. തെങ്കാശിയും ഗുരുവായൂരും നിർത്തലാക്കിയത് പോലെ ഇനി വരും ദിവസങ്ങളിൽ ഒട്ടനവധി സർവീസുകൾ നിർത്തലാക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. അങ്ങനെയെങ്കിൽ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വരും. ഇത് കെഎസ്ആർടിസിക്ക് വരുത്തിവെക്കുന്ന നഷ്ടം കൂടിയാണ്.