വർക്കല : വ്യാപാരിയെയും മക്കളെയും രാത്രി വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. വർക്കല രാമന്തള്ളി സ്വദേശി മുഹമ്മദ് അലി (19) ആണ് വർക്കല പോലീസ് പിടിയിലായത്. 20.01.2019 തീയതി വർക്കല, ചരുവിള സുബ്രമണ്യൻ ക്ഷേത്രത്തിലെ ഉത്സവദിവസം രാത്രി 11 മണിക്ക് പഴയ ചന്തയിൽ വ്യാപാരം നടത്തുന്ന 62 വയസ്സുള്ള ബോസിന്റെ മക്കളായ വിനു വിഷ്ണു എന്നിവരുമായി ചിലക്കൂർ സ്വദേശികളായ ചിലർ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അവർ മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ പതിനഞ്ച് അംഗ സംഘം രാത്രി 11 മണിക്ക് വ്യാപാരിയുടെ പഴയ ചന്തയിലുള്ള വീട്ടിൽ അതിക്രമിച്ച് കയറി വാൾ- കമ്പി, ബീയർ കുപ്പി എന്നിവയുമായി അതിക്രൂരമായി ആക്രമിക്കുകയായിരുന്നത്രെ. കമ്പിവടി കൊണ്ട് ബോസിന്റെ തലയോട്ടി പൊട്ടുകയും മക്കൾക്ക് വെട്ടേൽക്കുകയും ചെയ്തിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ മുഹമ്മദ് അലി ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. നേരത്തേയും വധ ശ്രമ കേസിൽ പ്രതിയായിട്ടുള്ളയാളാണ് മുഹമ്മദ് അലി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.