പൊന്മുടി : അതീവ സുരക്ഷാമേഖലയായ പൊന്മുടി ടെലികമ്യൂണിക്കേഷൻ റിപ്പീറ്റർ സ‌്റ്റേഷനിൽ പുറത്തുനിന്നുള്ളവരുടെ നേതൃത്വത്തിൽ പരസ്യ മദ്യപാനം. സംഭവത്തിൽ രണ്ട‌് വില്ലേജ‌് ഓഫീസർമാർ ഉൾപ്പെടെ അഞ്ചുപേരെ അറസ‌്റ്റുചെയ‌്തു. രണ്ട‌് എസ‌്ഐ ഉൾപ്പെടെ നാലു പൊലീസുകാരെ സസ‌്പെൻഡ‌് ചെയ‌്തു. ഏതാനും പൊലീസുകാർക്കെതിരെയും നടപടി വരും.
സംഘം വന്ന വാഹനവും പൊലീസ‌് കസ‌്റ്റഡിയിലെടുത്തു. ടെലികമ്യൂണിക്കേഷൻ എസ‌്പി എച്ച‌് മഞ്ജുനാഥ‌് നടത്തിയ പരിശോധനയിൽ മദ്യസൽക്കാരം നേരിട്ട‌് പിടികൂടുകയായിരുന്നു.
വർക്കല ചെമ്മരുതി വില്ലേജ് ഓഫീസർ ജോജോ സത്യദാസ്, തിരുവല്ലം വില്ലേജ് ഓഫീസർ മനോജ്, പട്ടാമ്പി കൊപ്പം സഹകരണ ബാങ്ക് മാനേജർ ഉണ്ണികൃഷ്ണൻ, പാലക്കാട് സ്വദേശികളും ബിസിനസുകാരുമായ ഇസ്ബ ഷഹാറത്ത്, നാസർ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
ടെലികമ്യൂണിക്കേഷൻ എസ്‌പി വിവരമറിയിച്ചതിനെ തുടർന്ന് പൊന്മുടി പൊലീസെത്തി ഇവരെ അറസ‌്റ്റു ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
മദ്യസൽക്കാരത്തിന‌് നേതൃത്വം നൽകിയ ടെലികമ്യൂണിക്കേഷൻ കൊച്ചി സിറ്റി എസ‌്ഐ അനിൽകുമാർ, റിപ്പീറ്റർ സ‌്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ‌്ഐ റെജി, ടെലികമ്യൂണിക്കേഷൻ വിഭാഗം സിവിൽ പൊലീസ‌് ഓഫീസർമാരായ സാംജോർജ‌്, സതീഷ‌് ശിവനാരായണൻ എന്നിവരെയാണ‌് സസ്പെൻഡ‌് ചെയ‌്തത‌്. ഗാർഡ‌് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിക്ക‌് റൂറൽ എസ‌്പിക്കും റിപ്പോർട്ട‌് നൽകി.
വ്യാഴാഴ‌്ച വൈകിട്ടാണ‌് സംഭവം. എസ‌്ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഒരു കാറിലാണ‌് സംഘം എത്തിയത‌്. എസ‌്പി വരുമ്പോൾ ചട്ടിയിൽ മീൻ വറുക്കുകയും മദ്യം കുടിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. എസ‌്പിയെ കണ്ടപാടെ എസ‌്ഐ അനിൽകുമാർ ഓടി. ഉടൻതന്നെ പൊന്മുടി സ‌്റ്റേഷനിൽ അറിയിച്ച‌് പൊലീസിനെ വരുത്തി മറ്റുള്ളവരെ സ‌്റ്റേഷനിലേക്ക‌് മാറ്റുകയായിരുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ കമ്യൂണിക്കേഷൻ സംവിധാനം കൈകാര്യം ചെയ്യുന്നതാണ‌് പൊന്മുടി ജാക്ക‌് വൺ റിപ്പീറ്റർ സ‌്റ്റേഷൻ. ഏറ്റവും ഉയർന്ന ഭാഗത്ത‌് സ്ഥിതി ചെയ്യുന്ന ഇവിടേക്ക‌് പുറത്തുനിന്ന‌് ആർക്കും പ്രവേശനമില്ല. മാത്രമല്ല, മാവോയിസ‌്റ്റ‌് ഭീഷണിയുള്ളതിനാൽ അതീവസുരക്ഷയും ഈ സ‌്റ്റേഷനുണ്ട‌്.
ആയുധ ധാരികളായ പൊലീസുകാരെയാണ‌് ഇവിടെ സുരക്ഷയ‌്ക്ക‌് നിയോഗിച്ചത‌്. പുറമെനിന്നുവന്നവരെ ഗാർഡ‌് തടഞ്ഞില്ലെന്ന‌് പറയുന്നു. സ‌്റ്റേഷന്റെ ചുമതലക്കാരൻ എന്ന നിലയ‌്ക്കാണ‌് എസ‌്ഐ റെജിയെ സസ‌്പെൻഡ‌് ചെയ‌്തത‌്.