വർക്കല: ഉത്സവം കണ്ട് മടങ്ങിയ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ആറ് പ്രതികൾ ഏഴ് വർഷത്തിന് ശേഷം വർക്കല പൊലീസിൽ കീഴടങ്ങി. പരവൂർ പൂതക്കുളം പുന്നകുളം നെടിയവിള വീട്ടിൽ ഉണ്ണി (33), തിരുവനന്തപുരം തൈക്കാട് രാജാജിനഗർ (ചെങ്കൽച്ചൂള) ഫ്ലാറ്റ് നമ്പർ 29ൽ അജയൻ (34), പൂതക്കുളം ചെമ്പകശേരി സ്വദേശികളായ ദിനേശ് മണി (34), ഉല്ലാസ് (38), അജിലാൽ (34), സുജിത് (33) എന്നിവരാണ് വർക്കല സിഐ ജി. ഗോപകുമാറിന് മുമ്പാകെ കീഴടങ്ങിയത്. 2012ഏപ്രിൽ 1ന് രാത്രി 12ഓടെ ഊന്നിൻമൂട് ജംഗ്ഷന് സമീപം ഉഷാതിയേറ്രറിനു മുൻവശത്തുവച്ച് പരവൂർ പൂതക്കുളം ധർമ്മശാസ്‌താക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന അയിരൂർ ഇലകമൺ സ്വദേശികളായ ഹരിദേവ് (35), സനീഷ് (27) എന്നിവരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് ഇവർ. സംഭവത്തിൽ മുഖ്യ പ്രതികളായ ഊന്നിൻമൂട് തിയേറ്റർ ജംഗ്ഷനു സമീപം ചരുവിളവീട്ടിൽ രാജേഷ് (29), പൂതക്കുളം തുണ്ടുവാലുവിളവീട്ടിൽ ഉണ്ണി (30) എന്നിവരെ വർക്കല പൊലീസ് നേരത്തെ അറസ്റ്റുചെയ്‌തിരുന്നു. കേസിൽ ആകെ 15 പ്രതികളാണുള്ളത്. മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്‌തു