കല്ലറ: റോഡ് നിർമാണത്തിന്റെ ഭാഗമായി ഇളക്കിമാറ്റുന്ന മണ്ണ് വൻതുക പ്രതിഫലം വാങ്ങി സ്വകാര്യ വ്യക്തികൾക്ക് നിലം നികത്താൻ കരാറുകാർ നൽകുന്നതായി പരാതി. കല്ലറ – പാലോട് റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് കരാറുകാരൻ മണ്ണുമാഫിയകളുമായി ചേർന്ന് സ്വകാര്യ ഭൂമികൾ മണ്ണിട്ടു നികത്തുന്നത്. ഓട നിർമ്മാണത്തിന്റെ ഭാഗമായി എടുത്ത കുഴികൾ പണികൾ കഴിഞ്ഞിട്ടും നികത്താതെ റോഡിലുടനീളം അപകടക്കെണികളായി തുടരുമ്പോൾ അത് പോലും നികത്താതെയാണ് മണ്ണ് കടത്തുന്നത്.
കല്ലറ-പാലോട് റോഡിൽ ശരവണ ജംഗ്ഷൻ മുതൽ ഭരതന്നൂർ ആലവളവുവരെയുള്ള ഭാഗം നവീകരിച്ചപ്പോഴും സമാന രീതിയിൽ നീർത്തടങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ വ്യാപകമായി നികത്തിയിരുന്നു. അവിടേയും പണികൾ എറ്റെടുത്ത കരാറുകാരന്റെ നേതൃത്വത്തിലായിരുന്നു മണ്ണുകടത്തൽ. ആയിരക്കണക്കിന് ലോഡ് മണ്ണ് മാറ്റുകയുണ്ടായി. നീർത്തടങ്ങൾ ഉൾപ്പടെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ ഇത് ഉപയോഗിച്ചു നികത്തുകയണ്ടായി.
റോഡിന്റെ വശങ്ങൾ വീതികൂട്ടുന്നതിന്റെ ഭാഗമായി ഇടിക്കുന്ന മണ്ണ് ആവശ്യം വരുമ്പോൾ തിരിച്ചെടുക്കാനെന്ന വ്യാജേനെ സ്വകാര്യ വ്യക്തികളടെ പുരയിടങ്ങളിൽ കൊണ്ടിടുകയും പിന്നീട് ആ മണ്ണ് എടുക്കാതിരിക്കലുമാണ് ഇവരുടെ രീതി. വൻതുകയാണ് ഇതിനായി വ്യക്തികളുടെ കൈകളിൽനിന്നു വാങ്ങുന്നത്. കാൽനടപോലും സാദ്ധ്യമല്ലാതെ കുണ്ടും കുഴിയുമായി കിടക്കുന്ന ഭരതന്നൂർ റോഡിന്റെ ജോലികൾ പൂർത്തീകരിക്കാതെ ഭൂമാഫിയകളെ സഹായിക്കുന്ന കരാറുകാരന്റെ നടപടിക്കെതിരേ നാട്ടുകാർ ഉന്നതാധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്.