വർക്കല : റിമാൻഡ് നോട്ടീസ് നൽകാൻ വീട്ടിലെത്തിയ ആമീനെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വർക്കല ശ്രീനിവാസപുരം ലക്ഷം വീട് കോളനിയിൽ ഷാഹിദിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
വർക്കല മുൻസിഫ് കോടതിയിലെ ആമീൻ ആയ ബിനുകുമാറിന് മർദ്ദനമേറ്റതായി വർക്കല പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാഹന വ്യവഹാരവുമായി ബന്ധപ്പെട്ട് ഒപി ആർബിറ്റേഷൻ തിരുവനന്തപുരം അഡീഷണൽ നാലാം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സിപി 1783 പ്രകാരം 2017 ലെ വാറന്റ് നൽകാൻ എത്തിയത് ആയിരുന്നു ബിനുകുമാർ. ഇതിന് മുൻപ് വാറന്റ് നൽകാൻ എത്തിയിരുന്നുവെങ്കിലും ഷാഹിദ് സ്ഥലത്ത് ഇല്ലാത്തതിനാൽ നൽകാൻ കഴിഞ്ഞിരുന്നില്ല. വാഹന വ്യവഹാര ലോണിൽ ജാമ്യക്കരനായി നിന്ന വ്യക്തിയാണ് ഷാഹിദ്. ലോൺ തവണകൾ മുടങ്ങിയത് മൂലം രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ രണ്ടാം കക്ഷി ആണ് പ്രതി. ഇതിന്മേൽ ഉള്ള വാറന്റ് ആണ് നിലവിൽ ഉള്ളത്. ഇത് നൽകുന്നതിന് വേണ്ടിയാണ് ആമീൻ ആയ ബിനുകുമാർ ഷാഹിദിന്റെ വീട്ടിൽ എത്തിയത്. വീട്ടിൽ നിന്ന് ഇറങ്ങി വന്ന ഷാഹിദ് തന്നെ അകാരണമായി ചീത്തവിളിക്കുകയും മർദിക്കുകയും ചെയ്തു എന്ന് ബിനുകുമാർ പറയുന്നു. ബിനുകുമാർ താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടി. പ്രതി ഷാഹിദിനെ ഐപിസി 332, 353 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് റിമൻഡ് ചെയ്തു.