പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറായ പ്രതിക്ക് പത്ത് വർഷം കഠിന തടവും 45,000 രൂപ പിഴയും തിരുവനന്തപുരം സ്പെഷ്യൽ അതിവേഗ കോടതി വിധിച്ചു. മലയിൻകീഴ് സ്വദേശി ശ്രീകുമാരൻ നായ(58) രെയാണ് ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആർ.ജയകൃഷ്ണൻ വിധിയിൽ പ്രതിപാദിച്ചു.
2017 ആഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം പെൺക്കുട്ടി പ്രതിയുടെ ഓട്ടോറിക്ഷയിലാണ് കയറിയത്. ഓട്ടോയിൽ സഞ്ചരിക്കവെ പ്രതി കുട്ടിയുടെ കൈയ്യിൽ കടന്ന് പിടിച്ചു ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിൽ ഭയന്ന കുട്ടി ഓട്ടോ നിർത്താൻ പറഞ്ഞിട്ടും കേട്ടില്ല. ജവഹർ നഗറിലേയ്ക്ക് പോകുന്ന വഴിയിൽ റോഡിൽ കുറച്ച് സ്ത്രീകൾ നിൽക്കുന്നത് കണ്ട കുട്ടി ഓട്ടോയിൽ നിന്ന് ചാടി ഇറങ്ങി. പ്രതി തടയാൻ ശ്രമിച്ചെങ്കിലും കുട്ടി ഓടി കളഞ്ഞു. വീണ്ടും കുട്ടിയെ തിരിച്ച് വിളിച്ച പ്രതി അശ്ലീല ആംഗ്യങ്ങളും ശരീര ഭാഗങ്ങളും പ്രദർശിപ്പിച്ചു എന്നാണ് കേസ്. ഓട്ടോ നമ്പർ കുറിച്ച് വെച്ചിരുന്ന കുട്ടി അച്ഛനെ വിവരം അറിയിച്ചു. അച്ഛൻ ഉടൻ പരാതി കൊടുത്തതിനാൽ ഓട്ടോ അടക്കം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിഴ കൂടാതെ സർക്കാർ നഷ്ടപരിഹാരം കൂടി നൽകണമെന്നും ജഡ്ജി ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. മ്യൂസിയം പൊലീസാണ് കേസ് രെജിസ്റ്റർ ചെയ്തത്. വിവിധ വകുപ്പുകൾക്ക് പ്രത്യേകം ശിക്ഷ ഉണ്ടെങ്കിലും അഞ്ച് വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി.
കേസിന്റെ വിചാരണ വേളയിൽ പ്രതിക്ക് അനുകൂലമായി മൊഴി പറഞ്ഞില്ലെങ്കിൽ ഇരയായ കുട്ടിയേയും കേസിലെ പ്രോസിക്യൂട്ടറായ ആർ എസ് വിജയ് മോഹനേയും വധിക്കുമെന്ന് കുട്ടിയുടെ അച്ഛനെ ഫോണിലൂടെ ഒരാൾ ഭീഷണിപ്പെടുത്തിയിരുന്നു.എന്നിട്ടും മൊഴി മാറ്റാൻ ഇര തയ്യാറായില്ല. പേരുർക്കട പൊലീസ് ഈ കേസിന്റെ അന്വേഷണം നടത്തുന്നു.