കുറ്റിച്ചലിൽ കോഴി ഫാമിലെ ആയിരത്തോളം കോഴികളെ തെരുവുനായകൾ കടിച്ചുകൊന്നു. കോഴികൾക്ക് ആഹാരം നൽകാൻ ഫാമുടമ കുറ്റിച്ചൽ കാര്യോട് മിനി സദനത്തിൽ രാജപ്പൻ നായർ എത്തിയപ്പോഴാണ് സംഭവമറിയുന്നത്. കനംകുറഞ്ഞ ഇരുമ്പുവലയും പ്ലാസ്റ്റിക് വലയുമാണ് ഷെഡിന് ഇട്ടിരുന്നത്. കൂട്ടിലുണ്ടായിരുന്ന തെരുവുനായ്ക്കളെ ഫാമുടമ ഓടിച്ചുവിട്ടു. വലകൾ കടിച്ചുമുറിച്ചാണ് നായ്ക്കൾ ഷെഡിനുള്ളിൽ കടന്നതെന്ന് രാജപ്പൻ നായർ പറഞ്ഞു. 62 ദിവസം പ്രായമുള്ളതായിരുന്നു കോഴികൾ. ഒരു കോഴി രണ്ടുകിലോ വരെ തൂക്കമെത്തിയിരുന്നു. രണ്ടുലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഫാമുടമയ്ക്കുണ്ടായത്.