കഴിഞ്ഞ രണ്ടുദിവസങ്ങളിൽ പൊന്മുടിയിലേക്ക് സഞ്ചരികളുടെ തിരക്ക്. സന്ദർശകരുടെ തിരക്ക് കൂടിയതോടെ പൊന്മുടിയിലേക്കുള്ള യാത്രയിലും അപകടങ്ങളേറി. നാല് ഇരുചക്രവാഹനങ്ങളാണ് ശനിയും ഞായറുമായി വിതുര കല്ലാർ റോഡിൽ അപകടത്തിൽപ്പെട്ടത്.അവധി ദിവസമായ ഞായറാഴ്ച സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെയും വൈകീട്ടും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു.
നെടുമങ്ങാട് റോഡിലൂടെയായിരുന്നു ഭൂരിഭാഗം വാഹനങ്ങളും എത്തിയത്. ആര്യനാട്, പാലോട് റോഡുകളിൽ നിന്നുള്ളവയുടെ എണ്ണവും കൂടി. ഒരു വാഹനത്തിനുമാത്രം കടന്നുപോകാൻ കഴിയുന്ന റോഡിൽ ബൈക്കുകളിലെത്തുന്നവരുടെ അമിതവേഗവും സാഹസിക യാത്രയും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ഗതാഗതക്കുരുക്ക് വകവയ്ക്കാതെ വാഹനങ്ങൾക്കിടയിലൂടെ അമിതവേഗത്തിൽ പായുന്ന ബൈക്കുകൾ അവധിദിനങ്ങളിൽ പൊന്മുടിപ്പാതയിലെ പതിവു കാഴ്ചയാണ്. ശനിയാഴ്ച ആനപ്പാറയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതിമാർക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച രാവിലെ മുല്ലച്ചിറയിൽ നടന്ന അപകടത്തിൽ സഞ്ചാരികൾ വന്ന ബൈക്കിടിച്ച് മറ്റൊരു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഇരു വാഹനങ്ങൾക്കും കേടുപാടുണ്ട്. തേവിയോട്, ചിറ്റാർ എന്നിവിടങ്ങളിലും ചെറിയ വാഹനാപകടങ്ങൾ ഉണ്ടായി