വർക്കല വെട്ടൂരിൽ റോഡ് വശത്ത് ഇരുപതോളം ചാക്ക് അരി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ വലയന്റകുഴി റോഡരികിലെ കുറ്റിക്കാട്ടിലാണ് ചാക്ക് കണക്കിന് അരി ഇന്ന് രാവിലെ കണ്ടെത്തിയത്. തുടർന്ന് പൊലീസ് അന്വേഷണത്തിൽ ചാക്കുകെട്ടുകൾ ഉപേക്ഷിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്തി. വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കടയിൽ നിന്ന് നശിപ്പിച്ച് കളയാനായി എൽപ്പിച്ച അരിയാണിതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ റേഷൻ കടയിൽ നിന്നുള്ള അരിയാണ് ഉപേക്ഷിക്കപ്പെട്ടതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഓട്ടോറിക്ഷാ ഡ്രൈവർതന്നെ ചാക്ക് കെട്ടുകൾ തിരികെ എടുത്തുകൊണ്ടുപോയി. ഇത് റേഷനരിയാണോ എന്ന് കണ്ടെത്താൻ പൊലീസ് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.