ആര്യനാട് : ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ.ഡി ഷാജഹാന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കൊലപാത കേസിലെ പ്രതി ഉൾപ്പടെ കഞ്ചാവുമായി പിടിയിലായത്. ഉഴമലയ്ക്കൽ എലിയാവൂർ വേങ്കോട് ലക്ഷംവീട് കോളനിയിൽ കഞ്ചാവ് അനി എന്ന അനിൽകുമാർ (44)നെ 1.150 ഗ്രാം കഞ്ചാവുമായി പിടിയിലായി. മുൻപ് കഞ്ചാവ് കേസിലും കൊലപാതക കേസിലും ഇയാൾ പ്രതിയാണെന്നും കഴിഞ്ഞ രണ്ടു മാസമായി നടത്തിയ നിരീക്ഷണത്തിലാണ് ഇയാളെ അതിസാഹസികമായി ഇപ്പോൾ പിടികൂടിയത് എന്നും എക്സൈസ് ഇൻസ്‌പെക്ടർ എ.പി ഷാജഹാൻ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേ സമയം കാട്ടാക്കട കൊണ്ണിയൂർ ഉണ്ടപാറ കുഞ്ചുവീട്ടിൽ കോണം ഷെറീന മൻസിലിൽ ഷറഫുദ്ധീൻ (36) നെ കഞ്ചാവ് ചില്ലറ വില്പനയ്ക്കിടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇയാൾ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചു വിൽപ്പന നടത്തി വരികയായിരുന്നു. ഇതിനിടെ മൂന്നു തവണ മാത്രമാണ് ഇയാൾ പിടിയിലായിട്ടുള്ളത്. പ്രിവന്റീവ് ഓഫീസർമാരായ എ ഷിഹാബിദീൻ, മോനി രാജേഷ്, സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബ്ലസൻ സത്യൻ, സുജിത്, അനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.