ആലംകോട് : ആലംകോട് ജംഗ്ഷനിൽ ടിപ്പർ ലോറി കാറിലിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. രോഗിയും റിട്ടയേഡ് സിആർപിഎഫ് ഉദ്യോഗസ്ഥനുമായ കൊല്ലം ശാസ്താംകോട്ട സ്വദേശി ഗോപിനാഥൻ നായരും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അദ്ദേഹത്തിന്റെ മകൻ ഷിജു ആണ് കാർ ഓടിച്ചിരുന്നത്. കാറിൽ ഗോപിനാഥൻ നായരുടെ ഭാര്യ സരോജിനി അമ്മയും രണ്ട് കൊച്ചു കുട്ടികളും ഉണ്ടായിരുന്നു.
സിആർപിഎഫ് ക്യാമ്പിൽ ഒരു പരിപാടി കഴിഞ്ഞ് കൊല്ലത്തേക്ക് പോകുകയിരുന്നു അവർ. ആലംകോട് ജംഗ്ഷനിലെ സിഗ്നൽ കഴിഞ്ഞു മുന്നോട്ട് പോകവേ പുറകിൽ നിന്ന് വന്ന ടിപ്പർ ലോറി കാറിന്റെ വലതുവശത്ത് ഇടിക്കുകയും കാർ ഒരു വട്ടം കറങ്ങി ലോറിയിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു എന്നാണ് ഷിജു പറയുന്നത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല. സംഭവത്തിൽ ഷിജു ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി.
ചില പ്രമുഖ കമ്പനികളുടെ ടിപ്പർ ലോറികൾ നിരത്തുകളിൽ പായുന്നത് അമിത വേഗത്തിൽ ആണെന്നും പോലീസ് പരിശോധന കർശനമാക്കി നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


