ആറ്റിങ്ങൽ: ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ബിടിഎസ് റോഡിൽ പ്രവർത്തിച്ചിരുന്ന അലുമിനിയം പാത്രക്കടയ്ക്ക് തീ പിടിച്ചത് ആറ്റിങ്ങലിനെ ഭീതിലാഴ്ത്തി. 5 മണിക്കൂറോളം വിശ്രമമില്ലാതെ തീ പൂർണമായും കെടുത്താനുള്ള തിരക്കിലായിരുന്നു ഫയർഫോഴ്‌സ്.
ആറ്റിങ്ങൽ മധുര അലുമിനിയം പാത്രക്കടയ്ക്ക് ആണ് തീപിടിച്ചത്. 1600 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ മൂന്നു മുറിയിൽ അലുമിനിയം പാത്രങ്ങളും ഒരു മുറിയിൽ ഡിസ്പോസിബിൾ പാത്രങ്ങളുടെ സ്റ്റോറും ആയിരുന്നു. പുലർച്ചെ 4മണിയോടെ ആളിപ്പടർന്ന തീ അണഞ്ഞത് രാവിലെ 9.00 മണിയോടെ. ആറ്റിങ്ങൽ, വർക്കല, കല്ലമ്പലം, വെഞ്ഞാറമൂട്, കഴക്കൂട്ടം, ചാക്ക എന്നീ നിലയങ്ങളിൽ നിന്ന് പത്തോളം യൂണിറ്റ് പ്രവർത്തിപ്പിച്ചു ഉദ്ദേശം 5 മണിക്കൂർ കൊണ്ട് തീ പൂർണമായും കെടുത്തി. വളരെ പഴക്കം ചെന്ന് അപകടാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ ഉള്ളിലേയ്ക്ക് പ്രവേശിക്കുന്നത് തീർത്തും അസാധ്യമായതിനാൽ ജെസിബി ഉപയോഗിച്ച് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റിയിട്ടാണ് സേന തീ നിയന്ത്രണവിധേയമാക്കിയത്.
തീ കത്തുന്നത് കണ്ട നാട്ടുകാർ ഫയർ ഫോഴ്‌സിനെയും പോലീസിനെയും അറിയിച്ചു. ഉടൻ ഫയർ ഫോഴ്‌സും പോലീസുമൊക്കെ സ്ഥലത്തെത്തി. മാത്രമല്ല, അപകട സാധ്യത മുന്നിൽ കണ്ട് കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ആദ്യം ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള യൂണിറ്റുകൾ എത്തിയെങ്കിലും ആളിപ്പടർന്ന തീ നിയന്ത്രണ വിധേയമാകാത്തതിനാൽ വർക്കല, കല്ലമ്പലം, വെഞ്ഞാറമൂട്, കഴക്കൂട്ടം, ചാക്ക എന്നീ നിലയങ്ങളിൽ നിന്ന് പത്തോളം യൂണിറ്റ് പ്രവർത്തിപ്പിച്ചു ഉദ്ദേശം 5 മണിക്കൂർ കൊണ്ട് തീ പൂർണമായും കെടുത്തുകയായിരിന്നു. വാട്ടർ ബ്രൗസർ ഉൾപ്പെടെ ഉപയോഗിച്ച് ഫോം സ്പ്രേ ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്.
ലക്ഷങ്ങളുടെ നാശനഷ്ടം ആണ് കണക്കാക്കുന്നത്. തീപിടിത്തത്തിന് കാരണം വ്യക്തമല്ല.തിരുവനന്തപുരം ജില്ലാ ഫയർ ഓഫീസർ എംഎസ് സുവിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ ജിഷാദ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ള, ഗ്രേഡ് അസിസ്റ്റന്റ്സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായർ, വർക്കല അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ, തുടങ്ങി അൻപതോളം സേനാംഗങ്ങൾ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.