കല്ലമ്പലം : കല്ലമ്പലം ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആറ്റിങ്ങലിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ ബലേനോ കാറും കല്ലമ്പലം ജംഗ്ഷനിൽ നിന്ന് വർക്കല ഭാഗത്തേക്ക് പോകാൻ തിരിഞ്ഞ ക്രറ്റ കാറുമാണ് അപകടത്തിൽപ്പെട്ടത്. വർക്കല ഭാഗത്തേക്ക് പോകാൻ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞു ഇറങ്ങവേയാണ് കൊല്ലം ഭാഗത്തേക്ക് പോയ കാർ ഇടിച്ചത്. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറുകൾ തെന്നി മാറി. നാട്ടുകാർ ഇടപെട്ട് കാറിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. നാലു ഭാഗത്തേക്കും വാഹനങ്ങൾ തിരിഞ്ഞു പോകുന്ന തിരക്ക് പിടിച്ച കല്ലമ്പലം ജംഗ്ഷനിൽ ട്രാഫിക് ഡിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അപകടങ്ങളുടെ എണ്ണം കൂടുന്നതല്ലാതെ സിഗ്നൽ സ്ഥാപിച്ച് യാത്രക്കാരുടെ ജീവൻ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കാൻ അധികൃതർക്ക് കഴിയുന്നില്ല.