വിദ്യാർഥിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപതു വർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ. അയിരൂർ ചാരുംകുഴി രാജീവിന് (26) ആറ്റിങ്ങൽ അതിവേഗ പോക്സോ കോടതി ജഡ്ജി ടി പി പ്രഭാഷ് ലാലാണ് ശിക്ഷ വിധിച്ചത്.
2015 ക്രിസ്മസ് ദിനത്തിൽ പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറി നാലാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് കേസ്. വീട്ടിൽ അതിക്രമിച്ചുകയറിയ കുറ്റത്തിന് അഞ്ചുവർഷം കഠിനതടവും 25000 രൂപ പിഴയും പ്രകൃതി വിരുദ്ധ പീഡനത്തിനു അഞ്ചുവർഷം കഠിനതടവും 25000 രൂപ പിഴയും പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്ന കുറ്റത്തിനു പത്തുവർഷം കഠിനതടവും 25000 രൂപ പിഴ തുകയുമാണ് ശിക്ഷ. പിഴത്തുക കുട്ടിക്ക് നൽകണം. തുക കെട്ടിവച്ചില്ലെങ്കിൽ ആറു മാസം വീതം കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ജയിലിൽ കിടന്നകാലം ശിക്ഷ ഇളവിന് അർഹതയുണ്ട്. അയിരൂർ പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം മുഹസിൻ ഹാജരായി.