കടയ്ക്കാവൂർ: മാരകായുധങ്ങളുമായെത്തി ബൈക്കിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞു നിർത്തി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ബൈക്ക് തീവെച്ചു നശിപ്പിച്ച സംഘത്തിൽപ്പെട്ട ഒരാളെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മണമ്പൂർ പെരുങ്കുളം മിഷൻ കോളനി എ.എസ്.മൻസിലിൽ അനസ്(30) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 21 ന് രാത്രി എട്ടുമണിയോടെ പെരുങ്കുളം ജംഗ്ഷനിലായിരുന്നു സംഭവം. ബൈക്കിൽ വരികയായിരുന്ന വഞ്ചിയൂർ പട്ടള ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം എസ്.എം. ഭവനിൽ യദു കൃഷ്ണ (21), ഇയാളുടെ സുഹൃത്ത് അഭിഷേക് എന്നിവർക്കു നേരേയാണ് സംഘടിച്ചെത്തിയ നാലംഗ സംഘം ആക്രമണം നടത്തിയത്. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഇരുമ്പുവടി കൊണ്ട് ബൈക്കിന്റെ പെട്രോൾ ടാങ്ക് കുത്തിപ്പൊട്ടിച്ച ശേഷം ബൈക്കിന് തീവെച്ച ശേഷം കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ കടയ്ക്കാവൂർ പൊലീസ് സംഭവസ്ഥലത്തും പരിസരത്തുമുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ,സൈബർ സെല്ലിന്റെ സഹായത്തോടെ ആയിരകണക്കിന് ഫോൺ നമ്പരുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിൽപ്പെട്ട ഒരാളെ പിടികൂടാനായത്. മറ്റ് പ്രതികളെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇവരും ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. പെരുങ്കുളം ജംഗ്ഷൻ കേന്ദ്രീകരിച്ച് മയക്കുമരുന്നു വിൽപ്പന നടത്തുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്.
കടയ്ക്കാവൂർ ഐ. എസ്.എച്ച്.ഓ. വി.അജേഷ്, എസ്.ഐ.മാരായ ദീപു എസ്, നസീറുദ്ദീൻ, എ.എസ്.ഐ.മാരായ ശ്രീകുമാർ, ജയകുമാർ, എസ്.സി.പി.ഓ.മാരായ സിയാദ്, ജ്യോതിഷ്, ജിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.