അര മണിക്കൂറിനിടെ ദേശീയ പാതയിൽ നാവായിക്കുളത്ത് രണ്ട് അപകടങ്ങൾ..

ei8KP4W56078

നാവായിക്കുളം : ദേശീയ പാതയിൽ നാവായിക്കുളത്ത് അര മണിക്കൂറിനിടെ രണ്ട് അപകടങ്ങൾ നടന്നു. ഇന്ന് പുലർച്ചെ 5അരയ്ക്കും 6 മണിക്കുമാണ് അപകടങ്ങൾ നടന്നത്.

നാവായിക്കുളം വലിയ പള്ളിക്ക് സമീപം അഞ്ചാരയോടെയാണ് ആദ്യ അപകടം നടന്നത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിന്റെ പാർസൽ വാഹനവും പൊള്ളാച്ചിയിൽ നിന്ന് വെമ്പായത്തേക്കു കോഴിത്തീറ്റ കയറ്റിവന്ന ചരക്ക് ലോറിയുമാണ് അപകടത്തിൽപെട്ടത്. പാർസൽ വാഹനം ലോറിയുടെ പുറകിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. പാർസൽ വാഹനത്തിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശികളായ ജോബിൻ, അഖിൽ എന്നിവർക്ക് പരിക്കേറ്റു. കണ്ടെയ്നർ ഡ്രൈവർ ക്യാബിനിൽ സ്റ്റിയറിങ്ങിൽ അമർന്നു കുടുങ്ങിക്കിടകുകയായിരുന്നു. കല്ലമ്പലം ഫയർ യൂണിറ്റ് സ്ഥലത്തെത്തി ഹൈഡ്രോളിക് ഉപകരണങ്ങളുടെ സഹായത്താൽ ആളെ പുറത്തെടുത്തു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

28-ാം മൈലിൽ പെട്രോൾ പമ്പിന് സമീപം 6 മണിയോടെയാണ് രണ്ടാമത്തെ അപകടം. കെഎസ്ആർടിസി ബസും, കണ്ടെയ്നറും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു. വിഴിഞ്ഞം ഡിപ്പോയിൽ നിന്ന് പാലക്കാട്ടേക്ക് പോയ കെഎസ്ആർടിസി ബസും കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഡൽഹി-ബറോഡ റോഡ് കോർപ്പറേഷന്റെ കണ്ടെയ്നറും തമ്മിലാണ് കൂട്ടിമുട്ടിയത്. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നറിന്റെ ഡ്രൈവിങ് ക്യാബിൻ നിയന്ത്രണം വിട്ട് തിരിയുകയും പുറകിൽ വന്ന കാറിൽ ഇടിക്കുകയും ചെയ്തു. 35ഓളം യാത്രക്കാരുമായാണ് ബസ് വന്നത്. യാത്രക്കാരിൽ ഒരു സ്ത്രീയുടെ മൂക്കിന് പരിക്കേറ്റു. കൂടാതെ ബസ് ഡ്രൈവർക്കും കണ്ടെയ്നർ വാഹനത്തിന്റെ ഡ്രൈവർക്കും കാർ ഡ്രൈവർക്കും പരിക്കുണ്ട്.ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.റോഡിൽ വാഹനങ്ങളിലെ ഓയിൽ പരന്നൊഴുകി. കല്ലമ്പലം ഫയർ യൂണിറ്റ് സ്ഥലത്തെത്തി റോഡിൽ നിന്ന് ഓയിൽ പൂർണമായും മാറ്റി മറ്റ് അപകടങ്ങൾ ഒഴിവാക്കി. അപകടത്തിൽ പെട്ട വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് മാറ്റി. കല്ലമ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!