വർക്കല : പാപനാശം തീരത്ത് വാഹനങ്ങൾ നിർത്തി പോകുന്നവർ കീറിയ നോ പാർക്കിങ് മുന്നറിയിപ്പു ബോർഡ് കാണാതെ പോകരുത്. പാപനാശത്ത് ബലിതർപ്പണം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് എത്തുന്നവർ ചവർ വീപ്പയ്ക്കു മുകളിലെ ബോർഡ് കാണാതെ പോയാൽ പൊലീസിന്റെ പിഴ ഉറപ്പാണ്. ജില്ലയ്ക്കു പുറമേ നിന്നും വരുന്നവരാണ് പൊലീസിന്റെ “പിഴ പിഴിയലിന്” കൂടുതലും ഇരയാകുന്നത്. സ്ഥലപരിചയമില്ലാത്തവർ സൗകര്യമുള്ള സ്ഥലത്തു പാർക്ക് ചെയ്യുക പതിവാണ്. എന്നാൽ ഇവർക്കു മുന്നിൽ ചവർവീപ്പയിൽ അലക്ഷ്യമായി നാട്ടിയ കീറിയ തെളിയാത്ത മുന്നറിയിപ്പു ബോർഡ് ഉണ്ടാകാമെങ്കിലും പലപ്പോഴും വീപ്പയോടെ മറിഞ്ഞു വീഴുകയോ കാറ്റിൽ പറന്നു പോവുകയോ ചെയ്യാറുണ്ട്. അടുത്തകാലത്ത് കൊല്ലത്ത് നിന്നും പുലർച്ചെ കാറിൽ തർപ്പണ ചടങ്ങുകൾക്ക് എത്തിച്ചേർന്നവർ വാഹനം പാർക്ക് ചെയ്തതാണ് വിനയായത്. ഒരു കിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിൽ ചെന്നു തുക അടയ്ക്കാനാണു നിർദേശം. വർക്കല ടൗണിലും പരിസരങ്ങളിലും പാർക്കിങ് കുത്തഴിഞ്ഞു കിടക്കുമ്പോൾ പാപനാശം തീരത്ത് മാത്രം ജാഗ്രത കാട്ടുന്നത് പരിസരത്തെ പേ ആൻഡ് യൂസ് പാർക്കിങ് കരാർ എടുത്തു നടത്തുന്നവരെ സഹായിക്കാനാണെന്നു ആക്ഷേപം ശക്തമാണ്.