ആറ്റിങ്ങൽ ദേശീയപാതയില്‍ പാലസ് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് നാലു മുക്കില്‍ ‘ടേക്ക് ഡീവിയേഷൻ’ എന്ന ബോർഡ് റോഡിന്റെ മധ്യഭാഗത്ത് വച്ചിരിക്കുന്നത് വാഹനയാത്രക്കാരെ വഴി തെറ്റിക്കുന്നതായി ആരോപണം. ബോർഡിലെ ദിശാസൂചിക അനുസരിച്ച് കച്ചേരിനട ഭാഗത്തേക്ക് പോകാനുള്ള എല്ലാ വാഹനങ്ങളും ഇടത്തേക്ക് തിരിഞ്ഞ് പാലസ് റോഡ് വഴി പോകണം. വലിയ വാഹനങ്ങളെ ഉദ്ദേശിച്ചാണ് ഇപ്രകാരം ബോർഡ് വെച്ചതെങ്കിലും ബോർഡിൽ,
‘ഹെവി വെഹിക്കിൾസ് ‘ എന്ന് രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ നിലവിൽ ഈ ബോർഡ് വാഹന യാത്രക്കാർക്ക് ആശങ്ക ഉണ്ടാക്കുന്നു. ഓരോ വലിയ വാഹനവും വരുമ്പോൾ പാലസ് റോഡിലേക്ക് തിരിയാന്‍ കൈ കാണിക്കേണ്ട ഗതികേടിലാണ് ട്രാഫിക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർ. കൈ കാണിക്കാന്‍ വിട്ടു പോയാല്‍, ഹൈവേ വഴി തന്നെ വലിയ വാഹനങ്ങള്‍ കച്ചേരി നടയിലേക്ക് കയറി പോകും. രണ്ട് ദിവസം മുൻപ് അങ്ങനെ കയറിപോയ കണ്ടെയ്നർ കച്ചേരി നടയിൽ എത്തിയപ്പോൾ വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്.
നിലവിൽ ഈ ബോര്‍ഡ് കണ്ട് തെറ്റിദ്ധരിച്ച് നിരവധി കാർ യാത്രക്കാര്‍ പാലസ് റോഡ് വഴി തിരിഞ്ഞാണ് കച്ചേരി നടയിലേക്ക് പോകുന്നത്. മാത്രമല്ല, ദേശീയ പാതയില്‍ വയ്ക്കുന്ന ദിശാ ബോർഡുകളില്‍ യാതൊരു വിധ വാണിജ്യ പരസ്യവും പാടില്ലയെന്ന ഉത്തരവിനെ അവഗണിച്ചു കൊണ്ടാണ് കച്ചവട സ്ഥാപനങ്ങളുടെ പരസ്യം പ്രദര്‍ശിപ്പിച്ച ദിശാ ബോർഡ് ദേശീയപാതയില്‍ വെച്ചിട്ടുള്ളതെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. ഈ ബോർഡിന് പകരം ‘ ഹെവി വെഹിക്കിൾസ് ടേക്ക് ഡീവിയേഷൻ’ എന്ന് വ്യക്തമായി സൂചിപ്പിക്കുന്ന, മറ്റ് പരസ്യങ്ങള്‍ ഇല്ലാത്ത ഒരു ബോർഡ് നാലു മുക്കില്‍ വയ്ക്കുന്നതിന് അടിയന്തിര നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.