അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു.ഗ്രാമ പഞ്ചയത്തിലെ തീരപ്രദേശം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ 10-20 ഓളം നായ്ക്കൾ അടങ്ങുന്ന വിവിധ സംഘങ്ങൾ നടവഴികളും റോഡുകളും കൈയ്യടക്കിയിരിയ്ക്കുകയാണ്.വിഷയം പലപ്പോഴായി വാർഡ് മെമ്പർമാർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ജനജീവിതത്തിന് ഭീഷണിയായി മാറുന്ന തെരുവ് നായക്കളെ നിയന്ത്രിച്ചില്ലെങ്കിൽ അത് വലിയ അപകടത്തിന് വഴിവെക്കാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്ക പങ്കുവെയ്ക്കുന്നു.കുട്ടികൾ അടക്കമുള്ളവർക്ക് വലിയ ഭീഷണിയായി ഭ്രാന്തൻ നായകൾ ജനവാസ കേന്ദ്രങ്ങളിലെത്തി അക്രമം തുടരുകയാണ്.
കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് മാമ്പള്ളി ഭാഗത്ത് വൈദ്യുത മീറ്റർ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരനെ പ്രകോപനം കൂടാതെ നായ്ക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു.
ഒടുവിൽ ആളുകളെത്തി നായയെ ഓടിച്ചതിനാലാണ് വലിയ അപകടത്തിൽ നിന്നും അദ്ദേഹം രക്ഷപെട്ടത്.
ഒടുവിൽ റീഡിങ് ജോലികൾ നിർത്തിവച്ച് അദ്ദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തി വാക്‌സിൻ സ്വീകരിച്ചു മടങ്ങുകയായിരുന്നു.