പുല്ലമ്പാറ: തേമ്പാമൂട്ടില്‍ വീട് കുത്തിത്തുറന്ന് 35 പവനും, പതിനായിരം രൂപയും കവർന്നു. തേമ്പാമൂട്, ചാവറോട്, ഫസീന മന്‍സിലില്‍ പ്രവാസിയായ ഷാഫിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തി പൊളിച്ച നിലയിലാണ്.ഷാഫിയുടെ ഭാര്യ റഫീനയും മകളും മാതാവ് ഫാത്തിമയുമാണ് ഇവിടെ താമസിക്കുന്നത്. രണ്ടു ദിവസം മുൻപ് മകള്‍ക്ക് സുഖമില്ലാത്തതിനാല്‍ കുട്ടിയേയും കൊണ്ട് റഫീന ആശുപത്രിയിലും മാതാവ് കുടുംബവീട്ടിലും പോയിരുന്നു. രാവിലെ 10 മണിയോടെ വീട്ടുകാര്‍ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. കിടപ്പുമുറിയിലെ അലമാര കുത്തി തുറന്നാണ് സ്വര്‍ണവും പണവും കവര്‍ന്നിരിക്കുന്നത്. വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വോഡും , വിരളടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.