കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ യുവാവിനെ ഇഷ്ടികകൊണ്ടു ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ മൂന്നംഗ സംഘം പിടിയിൽ. കടയ്ക്കാവൂർ പഴഞ്ചിറ പറകുന്നിൽ വീട്ടിൽ കൊച്ചമ്പു എന്നറിയപ്പെടുന്ന അബിൻകുമാർ(23), സഹോദരൻ അക്രം എന്നറിയപ്പെടുന്ന അരുൺകുമാർ(25), ചിറയിൻകീഴ് മേൽകടയ്ക്കാവൂർ പറകുന്നിൽ അപ്പൂസ് എന്നുവിളിക്കുന്ന പ്രവീൺ(27) എന്നിവരെയാണു കടയ്ക്കാവൂർ എസ്ഐ ഹനീഫറാവുത്തർ, എസ് സിപിഒമാരായ ശശി, ഡീൻ, മഹേഷ്, ബിനോജ്, സന്തോഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ മാസം പഴഞ്ചിറ മാടൻനട ക്ഷേത്രത്തിൽ അന്നദാനം നടന്നുകൊണ്ടിരിക്കെ കീഴാറ്റിങ്ങൽ സ്വദേശിയായ സുധീഷി(25)നെ മൂന്നംഗസംഘം തടഞ്ഞുനിറുത്തുകയും സമീപത്തുണ്ടായിരുന്ന ചുടുകട്ടകൊണ്ട് തലയ്ക്കിടിച്ചു മാരകമായി പരുക്കേൽപ്പിക്കുകയുമായിരുന്നു. രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിലായ സുധീഷിനെ അക്രമികൾ ക്ഷേത്രത്തിനു സമീപമുള്ള പാതയോരത്തുപേക്ഷിച്ചശേഷം ഒളിവിൽ പോവുകയായിരുന്നു.
സമീപവാസികൾ ചേർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിൽസയിലുള്ള സുധീഷിന്റെ നേതൃത്വത്തിൽ നേരത്തെ പ്രതികളിലൊരാളായ അബിൻകുമാറിനെ മർദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണു സംഘം ചേർന്നു സുധീഷിനു നേർക്കുള്ള അക്രമത്തിൽ കലാശിച്ചതെന്നു എസ്ഐ ഹനീഫറാവുത്തർ അറിയിച്ചു. പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു