വർക്കല: തെങ്ങൊടിഞ്ഞതിനെത്തുടർന്ന് ഓട് പൊട്ടിവീണ് ആറുവയസ്സുകാരന്റെ തലയ്ക്ക് പരിക്ക്. വർക്കല ശ്രീനിവാസപുരം കുന്നിൻ ചരുവിള വീട്ടിൽ ഷെമീനയുടെ മകൻ ആഫിസിനാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകീട്ട് 5.30-ഓടെയായിരുന്നു അപകടം. കുന്നിൻ ചരുവിള വീട്ടിൽ നസീമാബീവിയുടെ പുരയിടത്തിലെ തെങ്ങാണ് ഒടിഞ്ഞുവീണത്. സമീപത്തെ അഷ്റഫ് എന്നയാളുടെ വീടിന്റെ മൂലയ്ക്കും വൈദ്യുതക്കമ്പിയിലുമായി ഒടിഞ്ഞുവീണ തെങ്ങ് തടഞ്ഞുനിന്നു. പോസ്റ്റിലെ സർവീസ് വയർ വലിഞ്ഞപ്പോൾ സമീപത്തെ ഷെമീനയുടെ വീട്ടിലെ ഓടിളകി കൈവരിയിലിരിക്കുകയായിരുന്ന ആഫിസിന്റെ തലയിൽ വീഴുകയായിരുന്നു.വർക്കലയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തെങ്ങ് മുറിച്ചുമാറ്റി.