കിള്ളിപ്പാലം പിആര്‍എസ് ആശുപത്രിക്ക് മുന്‍വശത്തുക്കൂടി പോയാല്‍ കാണാം ഊര്‍ജ്ജസ്വലയായി വാഹനങ്ങളെ നിയന്ത്രിക്കുന്ന ഒരു വാര്‍ഡനെ. ഓടിപ്പതിഞ്ഞ കാലപാടുകള്‍ക്കൊപ്പം ജീവിതത്തിന്റെ ഒരറ്റം കെട്ടിപ്പൊക്കാന്‍ പാടുപെടുന്ന കായികപ്രേമിയായ ഷൈലജയാണ് അത്. ആരാണ് ഷൈലജ, അതിനുത്തരം മെഡലുകള്‍ പറയും.
ആറാം ക്ലാസില്‍ തുടങ്ങിയ കായിക പ്രേമം വളര്‍ന്നു പന്തലിച്ചു നാല്‍പതാം വയസില്‍ എത്തി നില്‍ക്കുന്നു. ഇപ്പോഴും ആ ആറാം ക്ലാസുകാരിയുടെ ചുറുചുറുക്കോടെ പ്രായത്തിന് പിടികൊടുക്കാതെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്റെ പൂര്‍ത്തീകരണത്തിലേക്കാണ് ഷൈലജ നടന്നു നീങ്ങുന്നത്.
ജില്ലാ മത്സരങ്ങളില്‍ തുടങ്ങി ദേശീയ അന്തര്‍ ദേശീയ മത്സരങ്ങളില്‍ സുവര്‍ണ മുദ്ര പതിപ്പിച്ച ഷൈലജ അത്രയ്ക്ക് പ്രശസ്തയല്ല. എന്നാലും തുടരുന്നു തന്റെ കായിക ജീവിതം മാസ്റ്റര്‍സ് മീറ്റുകളിലൂടെ. പക്ഷേ അന്താരാഷ്ട്ര മത്സരത്തിലെ സുവര്‍ണ നേട്ടമെന്ന സ്വപ്‌ന സാക്ഷാത്ക്കാരത്തിനായി സുമനസുകളുടെ കാരുണ്യത്തിനായി, സഹായത്തിനായി കാത്തു നില്‍ക്കുകയാണ് ഷൈലജ.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ
ഷൈലജ ഭര്‍ത്താവിനും മകനുമൊത്ത് നഗരത്തിലെ ഗൗരിശപട്ടത്ത് വാടകയ്ക്ക് താമസിച്ചു വരുന്നു. ട്രാഫിക്ക് വാര്‍ഡനായി ജോലിയ്ക്ക് പോയി തുടങ്ങിയിട്ട് പന്ത്രണ്ട് വര്‍ഷമായി. അതിനിടയില്‍ ജോലിയിലെ മിടുക്കിനും കിട്ടി പത്തിലധികം മെഡലുകള്‍.
പെണ്ണായെന്ന കാരണത്താല്‍ കല്യാണം കഴിച്ച് വീട്ടില്‍ ഒതുങ്ങിക്കൂടി ഭാര്യയായും മാതാവായും മാറാതെ കുടുംബത്തെ പോറ്റാന്‍ തന്റെ വക സഹായം എത്തിച്ച് സ്വപ്‌ന സാക്ഷാത്ക്കാരത്തിലേക്ക് ഓടികയറുകയാണ് ഷൈലജ, പെണ്‍കരുത്തിന് മാതൃകയായി.