
വിതുര : പെട്രോൾ പമ്പിൽനിന്ന് 18 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. മേമല രാജി ഭവനിൽ രാഹുലി (31)നെയാണ് വിതുര പൊലീസ് അറസ്റ്റുചെയ്തത്. ചേന്നൻപാറയിലുള്ള വിതുര ഫ്യുവൽസ് എന്ന പമ്പിൽ നിന്നായിരുന്നു തട്ടിപ്പ്.രാഹുൽ പമ്പിലെ താൽക്കാലിക ജീവനക്കാരനും ഭാര്യ നീനുരാജ് പമ്പിലെതന്നെ അക്കൗണ്ടന്റുമായിരുന്നു. ഇരുവരും ചേർന്ന് 2020 മാർച്ച് മുതൽ 2021 ജൂലൈ വരെയുള്ള കാലയളവിലാണ് പല തവണയായി പണം അപഹരിച്ചത്. അക്കൗണ്ടിലും രജിസ്റ്ററിലും സോഫ്റ്റ് വെയറിലും തിരിമറി നടത്തിയും വ്യാജരേഖ ചമച്ചുമാണ് 18 ലക്ഷത്തോളം കവർന്നത്. അക്കൗണ്ട് ഓഡിറ്റ് നടത്തുന്നതിനിടെയാണ് പമ്പുടമ തട്ടിപ്പ് മനസ്സിലാക്കിയത്. തുടർന്ന് പണം തിരികെ നൽകാമെന്ന് സമ്മതിച്ച പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
വിതുര ഇൻസ്പെക്ടർ എസ് ശ്രീജിത്ത്, എസ്ഐ എസ് എൽ സുധീഷ്, ഇർഷാദ്, രജിത്ത്, ശ്യാം എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. നീനുരാജിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. കോടതിയിൽ ഹാജരാക്കിയ രാഹുലിനെ റിമാൻഡ് ചെയ്തു.


