ആറ്റിങ്ങൽ : ആറ്റിങ്ങലിന്റെ ചരിത്രം പറയുന്ന ആറ്റിങ്ങൽ കൊട്ടാരം തകർച്ചയിലാണെന്ന് ദൃശ്യ- പത്ര – ഓൺലൈൻ മാധ്യമങ്ങൾ നിരന്തരമായി വാർത്തകൾ നൽകിയത് ഫലം കാണുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് അധികൃതർ ഇന്ന് ആറ്റിങ്ങല്‍ കൊട്ടാരം സന്ദര്‍ശിച്ചു. കൊട്ടാരത്തില്‍ ക്ഷേത്രകലാപീഠം ആരംഭിക്കാനുളള തീരുമാനത്തെത്തുടര്‍ന്നാണ് സന്ദര്‍ശനം. പ്രസിഡന്റ് എ പദ്മകുമാര്‍, അംഗങ്ങളായ എന്‍ വിജയകുമാര്‍, കെ.പി ശങ്കര്‍ദാസ് എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. കൊട്ടാരത്തിലെത്തിയ ദേവസ്വം ബോർഡ് അധികൃതരെ അഡ്വmബി സത്യന്‍ എം.എല്‍.എ, നഗരസഭാധ്യക്ഷന്‍ എം പ്രദീപ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തകില്‍, നാദസ്വരം, പഞ്ചവാദ്യം എന്നിവയുടെ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുളളതെന്ന് പ്രസിഡന്റ് പറഞ്ഞു. വൈക്കത്തെ ക്ഷേത്രകലാപീഠത്തില്‍ നിന്ന് തകില്‍, നാദസ്വരം ക്ലാസ്സുകള്‍ ആറ്റിങ്ങലേയ്ക്ക് മാറ്റും. ഈ അധ്യയന വര്‍ഷത്തില്‍ തന്നെ ആറ്റിങ്ങലില്‍ ക്ലാസ്സുകള്‍ തുടങ്ങുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. ക്ലാസ്സുകള്‍ നടക്കുന്ന ഭാഗത്തെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. ആറ്റിങ്ങലില്‍ താന്ത്രികവിദ്യാപീഠം ആരംഭിക്കുന്നത് സംബന്ധിച്ചുളള ആലോചനകളും നടക്കുന്നുണ്ടെന്നും തീരുമാനം ഉടനുണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു. കൊട്ടാരത്തിന്റെ മുഖമണ്ഡപം സംരക്ഷിക്കുന്നതിനുളള നടപടികള്‍ എഞ്ചിനീയറിങ് വിഭാഗവുമായി കൂടിയാലോചിച്ചശേഷം തീരുമാനിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.