ഡിസംബർ 7ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്കോട് ഡിവിഷനിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികൾ നിരന്നതോടെ രംഗം സജീവമായി. 2020ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ ഡിവിഷനിൽ നിന്ന് വിജയിച്ച സി.പി.എമ്മിലെ ഒ.എസ്. അംബിക അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഡി.വൈ.എഫ്.ഐ കട്ടയിൽകോണം യൂണിറ്റ് സെക്രട്ടറി ആർ.പി. നന്ദുരാജാണ് (സി.പി.എം) എൽ.ഡി.എഫ് സ്ഥാനാർത്ഥി, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കോരാണി ഷിബുവാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. മഹിളാ മോർച്ച ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റായ ടി.എൽ. ഷീബയാണ് (ബി.ജെ.പി) എൻ.ഡി.എ സ്ഥാനാർത്ഥി. സ്ഥാനാർഥികൾ നാമനിർദ്ദേശപത്രിക നൽകി.
സി.പി.എം സ്ഥാനാർത്ഥിക്ക് ഒപ്പം ഒ.എസ്. അംബിക എം.എൽ.എ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ. സുഭാഷ്, ഏരിയാ സെക്രട്ടറി എസ്. ലെനിൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി. വേണുഗോപാലൻ നായർ, കെ. വാരിജാക്ഷൻ, പി. മണികണ്ഠൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എസ്. അനിൽകുമാർ, എസ്. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ജി. വ്യാസൻ, ആർ.കെ. ബാബു, ബി. രാജീവ് തുടങ്ങിയവരും ഉണ്ടായിരുന്നു.
യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഒപ്പം വിശ്വനാഥൻ നായർ, ആർ ചന്ദ്രബാബു, രാജശേഖരൻ, കൃഷ്ണകുമാർ, രാധാകൃഷ്ണൻ, അനൂപ്,അൻസാർ,സലാഹുദ്ധീൻ, ഷാനവാസ്, അഭയൻ തുടങ്ങിയവർ പങ്കെടുത്തു.
ബി.ജെ.പി സ്ഥാനാർത്ഥി ടി.എൽ. ഷീബയോടൊപ്പം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഹരി.ജി ശാർക്കര, കിഴുവിലം പഞ്ചായത്ത് സമിതി പ്രസിഡന്റ് എം. വിജയകുമാർ, ജനറൽ സെക്രട്ടറി അനീഷ് .പി, മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് പദ്മകുമാർ തുടങ്ങിയവരും എത്തിയിരുന്നു.
കിഴുവിലം ഗ്രാമപഞ്ചായത്തിലെ അരികത്തുവാൾ, കുറക്കട, നൈനാംകോണം, മുടപുരം എന്നീ വാർഡുകളും മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഇടക്കോട്, കോരാണി, കട്ടയിൽകോണം, പരുത്തി എന്നീ വാർഡുകളും ഉൾപ്പെടുന്നതാണ് ഈ ഡിവിഷൻ. ജനറൽ വാർഡാണിത്. ഒ.എസ്. അംബിക 1548 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.