കടയ്ക്കാവൂർ പെരുംകുളത്ത് വീടുകയറി ആക്രമണം. ആക്രമണത്തിൽ വയോധികനും മകന്റെ ഭാര്യയ്ക്കും പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ കടയ്ക്കാവൂർ പെരുംകുളം സരസ്വതിയിൽ ബിജുവിന്റെ വീട്ടിലാണ് അക്രമം നടത്തിയത്. ബിജുവിന്റെ ഭാര്യ രാസാത്തി (34), അച്ഛൻ കറുപ്പ് സാമി (62) എന്നിവർക്ക് പരിക്കേറ്റു. കറുപ്പ് സാമിയുടെ കൈ അക്രമിസംഘം കമ്പികൊണ്ട് അടിച്ചൊടിച്ചു. വിറകുതടി കൊണ്ടുള്ള അടിയേറ്റ് രാസാത്തിയുടെ കൈയ്ക്കും തോളിനും പരിക്കേറ്റു.
ഇരുവരേയും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജുവിന്റെ ഓട്ടോറിക്ഷ കുറഞ്ഞ കൂലിക്കാണ് ഓടിക്കാൻ നൽകുന്നതെന്ന കാരണത്തെച്ചൊല്ലി പ്രദേശത്തെ മറ്റൊരു ഓട്ടോറിക്ഷ ഉടമയുമായി തർക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം രാവിലെ പെരുംകുളം ജംഗ്ഷനിൽ വെച്ച് ബിജുവും മണനാക്ക് സ്വദേശിയുമായി തർക്കമുണ്ടായി. തുടർന്ന് ബിജു ആറ്റിങ്ങലിലേക്ക് പോയപ്പോൾ ഇയാളും ഓട്ടോറിക്ഷ ഡ്രൈവറായ മറ്റൊരാളുംചേർന്ന് പെരുംകുളത്തെ വീട്ടിലെത്തി അവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും സൈക്കിളും വീടിന്റെ സോപാനവും അടിച്ചുതർക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് കറുപ്പ് സാമിക്കും രാസാത്തിക്കും അടിയേറ്റത്. താൻ കുറഞ്ഞ കൂലിക്ക് ഓട്ടോറിക്ഷ നൽകുന്നതിനാൽ മണനാക്ക് സ്വദേശിക്കും കൂലി കുറയ്ക്കേണ്ടി വരുന്നുവെന്ന് പറഞ്ഞാണ് അക്രമം നടത്തിയതെന്ന് ബിജു പറഞ്ഞു.
തമിഴ്‌നാട്ടുകാരനായ കറുപ്പ് സാമി 40 വർഷമായി മണനാക്ക്, പെരുംകുളം, കവലയൂർ, കീഴാറ്റിങ്ങൽ പ്രദേശങ്ങളിലെ പാൽ കറവത്തൊഴിലാളിയാണ്.
ബിജുവിന്റെ ഭാര്യ രാസാത്തി കടയ്ക്കാവൂർ പോലീസിൽ പരാതി നൽകി.