ആറ്റിങ്ങൽ: ഒരു ദിവസത്തെ ചെലവിന് നെട്ടോട്ടം ഓടുന്ന ഓട്ടോ ഡ്രൈവറുടെ പ്രവർത്തി മാതൃകയായി. ഓട്ടോ ഡ്രൈവർ സുദർശനന്റെ സത്യസന്ധത കാരണം വീട്ടമ്മയ്ക്ക് തിരിച്ചുകിട്ടിയത് മറന്നു വച്ചുപോയ പണവും വിലപിടിപ്പുള്ള രേഖകളും. ആറ്റിങ്ങൽ മാർക്കറ്റ് റോഡ് ആർ.വി ടവറിൽ താമസിക്കുന്ന റിട്ട. അദ്ധ്യാപിക ചെറുപുഷ്പം പണവും രേഖയും അടങ്ങിയ ബാഗ് ആട്ടോയിൽ മറന്നു. ഇത് ആട്ടോ ഡ്രൈവറായ പൊയ്‌കമുക്ക് സ്വദേശി സുദർശനൻ ട്രാഫിക് എസ്.ഐ ജയേന്ദ്രനെ ഏല്പിക്കുകയായിരുന്നു.ബാഗിൽ 5000 രൂപയും രേഖകളുമാണ് ഉണ്ടായിരുന്നത്. ഈ സമയം വീട്ടമ്മയും പരാതിയുമായി ട്രാഫിക് എസ്.ഐയെ സമീപിച്ചു. തെളിവുകൾ പരിശോധിച്ച് വീട്ടമ്മയ്ക്ക് പണവും രേഖകളും എസ്.ഐ തിരിച്ചേൽപ്പിച്ചു.