പാങ്ങോട് : പാങ്ങോട് വില്ലേജ് ഓഫീസിൽ മതിയായ ജീവനക്കാരില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. റീസർവേ പ്രവർത്തനങ്ങൾ ഉൾപ്പടെ നിശ്ചിതസമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ ആകാതെ വലയുകയാണ് ഉദ്യോഗസ്ഥർ. പാങ്ങോട് പഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. വില്ലേജ് ഓഫീസർ, ഒരു അസിസ്റ്റന്റ് വില്ലേജ് ഓഫീസർ, നിലവിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നീ ജീവനക്കാരെ ഇവിടെ ഉള്ളൂ. M
റീസർവ്വേയുമായി ബന്ധപ്പെട്ട ഒൻപതിനായിരത്തോളം പരാതികളാണ് തീർപ്പുകൽപ്പിക്കാൻ ഉള്ളത്. രാവിലെ ഓഫീസിൽ എത്തുന്ന ഉദ്യോഗസ്ഥർ തന്നെ വസ്തു അളവിലും റീസർവ്വേ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പോകേണ്ടി വരുമ്പോൾ ഓഫീസിന്റെ പ്രവർത്തനം തടസ്സപ്പെടുന്നു. റീസർവ്വേ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു സർവേയറെയും രണ്ട് അസിസ്റ്റന്റുമാരെയും നിയമിച്ചാൽ തന്നെ ബാക്കിയുള്ള ഉദ്യോഗസ്ഥർക്ക് ഓഫീസ് സുഗമമായി പ്രവർത്തിപ്പിക്കാൻ കഴിയും. 1999ൽ നിലവിലെ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയെങ്കിലും ആദ്യകാലം മുതൽക്കെ ജീവനക്കാരുടെ കുറവ് ഓഫീസ് പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ഉപഭോക്താക്കളുടെ പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.