നാവായിക്കുളം: എക്സൈസ് സർക്കിൾ ഓഫീസിലെ ഏമാന്മാർക്ക് കുടിക്കാൻ വെള്ളവുമില്ല ,കുറ്റക്കാരെ പിടിക്കാൻ ജീപ്പുമില്ല. ദേശീയപാതയ്ക്കു സമീപം നാവായിക്കുളം തട്ടുപാലത്ത് കഴിഞ്ഞ ഒന്നര വർഷത്തോളമായി പ്രവർത്തിക്കുന്ന എക്സൈസ് സർക്കിൾ ഓഫീസിലെ ജീവനക്കാർക്കാണ് ഈ ദുർവിധി.വില്ലേജ് ഓഫീസിരുന്ന നൂറ് കൊല്ലത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് എക്സൈസ് സർക്കിൾ ഓഫീസ് പ്രവർത്തിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ വർക്കല എക്‌സൈസ് ഓഫീസിൽ നിന്നാണ് ജീപ്പ് വിളിച്ചു വരുത്തുന്നത്. നാവായിക്കുളം എക്‌സൈസിന് സ്വന്തമായി ജീപ്പ് വേണമെന്നുള്ള ആവശ്യം ശക്തമായതോടെ സർക്കാർ വാഹനം അനുവദിച്ചിട്ടുണ്ട് എന്നാൽ വാഹനം സൂക്ഷിക്കാൻ പ്രത്യേക സൗകര്യം ഇല്ല. ഒരു സർക്കിൾ ഓഫീസിന് വേണ്ടുന്ന യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്നു തന്നെ പറയാം.എന്നിരുന്നാലും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നല്ല പ്രവർത്തനമാണ് ഇതിനോടകം കാഴ്ചവച്ചത്.
വർക്കല എം.എൽ.എ വി.ജോയിയുടെ ശ്രമഫലമായാണ് നവായിക്കുളത്ത് എക്‌സൈസ് സർക്കിൾ ഓഫീസ് അനുവദിച്ചത്. ഈ നവംബർ 29 ന് രണ്ട് വർഷം പൂർത്തിയാകുന്ന സർക്കിൾ ഓഫീസിന് ഒരു ജീപ്പ് അനുവദിച്ചത് ഇപ്പോഴാണ്. പല എക്‌സൈസ് ഓഫീസുകൾക്കും ജീപ്പ് അനുവദിച്ചെങ്കിലും ഈ ഓഫീസിനെ മാത്രം അവഗണിക്കുകയായിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ ഈ സർക്കിൾ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന വർക്കല റേഞ്ച് ഓഫീസിൽ നിന്നോ, ആറ്റിങ്ങൽ കിളിമാനൂർ എക്‌സൈസ് ഓഫീസുകളിൽ നിന്നോ വാഹനം വിളിച്ചു വരുത്തിയാണ് പല കേസുകളും അന്വേഷിച്ചതും പ്രതികളെ പിടി കൂടിയതും. ജീപ്പ് സ്വന്തമാകുന്നതോടെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. കെട്ടിടത്തിന് ചോർച്ചയുള്ളതിനാൽ ഫയലുകളൊക്കെ നനയാതെ സൂക്ഷിക്കാനും ബുദ്ധിമുട്ടുകയാണ്.