വെഞ്ഞാറമൂട് :വെള്ളാണിക്കൽ, പത്തേക്കർ, രാജേഷ് ഭവനിൽ രാജേഷിന്റെ(35) മൃതദേഹം ദുരൂഹസാഹചര്യത്തിൽ പൊട്ടക്കിണറ്റിൽ കാണപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. രാജേഷിനെ കാണാതാകുമ്പോൾ ധരിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഷർട്ട് രാവിലെ രാജേഷിന്റെ വീടിനു സമീപം പ്രത്യക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ മുതൽ രാജേഷിന് വേണ്ടി നാട്ടുകാരുടെ നേതൃത്വത്തിൽ വ്യാപക പരിശോധനകൾ ഈ പ്രദേശങ്ങളിൽ നടന്നിരുന്നുവെങ്കിലും ഷർട്ട് അവിടെ കാണാൻ സാധിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
വെള്ളിയാഴ്ച രാത്രി മുതലാണ് രാജേഷിനെ കാണാതായത്. പിറ്റേന്ന് മധ്യഹ്നത്തോടു കൂടി കുറച്ചകലെയുള്ള പൊട്ടക്കിണറ്റിൽ രാജേഷിന്റെ മൃതദേഹം ഉണ്ടെന്നുള്ള സംശയം ഉയരുകയായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാൽ മൃതദേഹത്തോടൊപ്പം ധരിച്ചിരുന്ന അടിവസ്ത്രങ്ങൾ അല്ലാതെ മറ്റൊരു വസ്ത്രവും കിണറ്റിൽ കണ്ടെത്താനായില്ല. രാജേഷിന്റെ വസ്ത്രങ്ങൾക്കായി നാട്ടുകാരും അന്ന് തിരച്ചിൽ നടത്തിയിരുന്നു.
അന്ന് കണ്ടെത്താനാകാത്ത വസ്ത്രങ്ങളിൽ ധരിച്ചിരുന്ന ഷർട്ടാണ് ബുധനാഴ്ച രാവിലെ വീടിനു സമീപത്ത് കാണപ്പെട്ടത്. വീടിനു സമീപം നിന്ന ഒരു മരത്തിനു ചുവട്ടിൽ മടക്കി വെച്ച നിലയിലായിരുന്നു വസ്ത്രം ഇരുന്നിരുന്നത്. റോഡിനു സമീപത്തുനിന്ന് ഈ മരത്തിനു ചുവട്ടിൽക്കൂടി നിരവധിപേർ ദിവസവും പോക്കുവരവ് നടത്താറുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം രാത്രി വരെ ഷർട്ട് അവിടെ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വിവരം നാട്ടുകാർ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ സ്ഥലത്തെത്തുകയും ഷർട്ട് കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു. രാജേഷിന്റെ അച്ഛനും സഹോദരനും നേരത്തെ കിണറ്റിൽ വീണു മരണപ്പെട്ടിരുന്നു. അതിനു പിന്നാലെ നടന്ന രാജേഷിന്റെ മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുമ്പോഴാണ് സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടാകുന്നത്. രജീഷിന്റെ മരണത്തിൽ അന്വേഷണം വേണമെന്നും മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നും അധികൃതരോട് ആവശ്യപ്പെടുവാൻ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാർ.