കല്ലറ പാങ്ങോട് പഞ്ചായത്തുകളിലെ ജനങ്ങൾ കുരങ്ങുകളുടെയും കാട്ടുപന്നികളുടെയും ശല്യത്തിൽ പൊറുതിമുട്ടുകയാണ്. പകൽ നേരത്ത് കുരങ്ങുകളും രാത്രിയിൽ പന്നിയും കൃഷി നശിപ്പിക്കുന്നു.കാഞ്ചിനട സ്വദേശി സിന്ധുവിന്റെ വീട് കഴിഞ്ഞ ദിവസം കുരങ്ങുകൾ തകർത്തു. ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര മുഴുവൻ തേങ്ങയെറിഞ്ഞ് പൊട്ടിച്ചു. തെങ്ങുകളിൽനിന്നു കരിക്കുകൾ വലിച്ചെറിഞ്ഞു. അമ്പതോളം കുരങ്ങുകളാണ് കൂട്ടമായെത്തി നാശങ്ങളുണ്ടാക്കുന്നത്. ഇതുപോലെ മൂന്നും നാലും സംഘങ്ങളാണ് പ്രദേശത്ത് ചുറ്റിനടക്കുന്നത്. ഇവ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കാൻ മുതിരുന്നതും പതിവാണ്.
വീടുകളുടെ മേൽക്കൂരയിലെ ഓട് വലിച്ചെറിയുക, തേങ്ങ എറിഞ്ഞ് ഓട് പൊട്ടിക്കുക, ഓടിളക്കി വീടിനകത്തിറങ്ങി പാചകം ചെയ്തുവെച്ചിരിക്കുന്ന ഭക്ഷണസാധനങ്ങൾ കഴിക്കുക, വാട്ടർ ടാങ്കിനകത്ത് ഇറങ്ങി കുളിക്കുക, വെള്ളം മലിനമാക്കുക തുടങ്ങിയ ശല്യങ്ങളാണ് ഇവ ദിവസവും നടത്തുന്നത്. കൂട് വെച്ച് ഇവയെ പിടിച്ചുമാറ്റിയാലും രണ്ടുദിവസത്തിനുള്ളിൽ അടുത്ത സംഘം ഇവിടെയെത്തുമെന്ന് നാട്ടുകാർ പറയുന്നു.
പാങ്ങോട് പഞ്ചായത്തിലെ കൊച്ചാലുംമൂട്, കാഞ്ചിനട, അടപ്പുപാറ, ഈട്ടിമുക്ക്, രാമരശ്ശേരി, മാവേലിക്കോണം, തോട്ടുമുക്ക്, കല്ലറ പഞ്ചായത്തിലെ ചെറുവാളം, മുതുവിള, കൊടിതൂക്കിയകുന്ന്, പരപ്പിൽ, മുളയിൽക്കോണം തുടങ്ങിയ പ്രദേശങ്ങളിൽ കുരങ്ങുശല്യം രൂക്ഷമാണ്. ചിലയിടത്ത് മയിലുകളും കൂട്ടത്തോടെയെത്തി വിളകൾ നശിപ്പിക്കുന്നുണ്ട്. കാട്ടുപന്നിശല്യം കാരണം മരച്ചീനി, ചേമ്പ്, ചേന, തുടങ്ങിയവയൊന്നും കൃഷി ചെയ്യാനാകില്ല.
നേരത്തേ പകൽസമയങ്ങളിൽ വനമേഖലകളിലാണ് കാട്ടുപന്നിക്കൂട്ടം തമ്പടിച്ചിരുന്നതെങ്കിൽ ഇപ്പോഴത് ആളൊഴിഞ്ഞ റബ്ബർപുരയിടങ്ങളിലായിട്ടുണ്ട്. റബ്ബർതൈകളും വാഴയും തെങ്ങിൻതൈകളുമെല്ലാം കാട്ടുപന്നി കുത്തിമറിക്കും, മഞ്ഞളും ഇഞ്ചിയും മാത്രമാണ് പന്നികൾ എടുക്കാത്ത വിളകൾ. വന്യജീവി ആക്രമണത്തിൽ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ജൈവവേലിയോ സോളാർവേലിയോ സ്ഥാപിച്ച് ഇവ നാട്ടിലേക്കിറങ്ങാതെ വനംവകുപ്പ് ശ്രദ്ധിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.