നെടുമങ്ങാട് :അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി നെടുമങ്ങാട് സ്വദേശി. കരുപ്പൂര് ശ്രീനിലയത്തിൽ സുകുമാരൻ – കുമാരി ദമ്പതികളുടെ മകൻ ശ്രീകാന്ത് ആണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷൈഖ് മുഹമ്മദ് ബിൻറാഷിദ് ആൽ മക്തൂമിനെ സ്ട്രിംഗ് ആർട്ടിലേക്ക് പകർത്തി അറേബ്യൻ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയത്.
10 കി.മീറ്റർ നീളത്തിൽ നൈലോൺ നൂലും 5,500 ആണിയും ഉപയോഗിച്ച് ഒന്നര മാസത്തെ പരിശ്രമം കൊണ്ടാണ് സ്ട്രിംഗ് ആർട്ട് പൂർത്തിയാക്കിയത്. ചിത്രത്തിന് എട്ടടി ഉയരവും ആറടി വീതിയുമുണ്ട്. ഷൈഖ് മുഹമ്മദിന്റെ രൂപത്തിൽ ആണി നിരത്തുകയായിരുന്നു ആദ്യ ജോലി. പിന്നീട് ഇതിലേക്ക് നൂലുകൾ ചുറ്റി. രണ്ടായിരം മീറ്റർ നീളമുള്ള രണ്ടുതരം നൂലാണ് ഇതിനുപയോഗിച്ചത്. രണ്ടു വർഷം ദുബായ് കരാമയിലെ ഹോട്ടൽ ഷെഫായിരുന്നു ശ്രീകാന്ത്. അന്ന് തോന്നിയ ആദരവാണ് സ്ട്രിംഗ് ആർട്ടിൽ കലാശിച്ചത്.നാട്ടിലെത്തിയ ശേഷമാണ് ചിത്രരചന നടത്തിയത്. ഇപ്പോൾ നെടുമങ്ങാട്ട് കേക്ക് എൻ ആർട്ട് എന്ന പേരിൽ കേക്ക് ഷോപ്പ് നടത്തിവരുന്ന ശ്രീകാന്ത് തന്റെ കലാസൃഷ്ടി ദുബായിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ജന്മസിദ്ധമായ കഴിവുപയോഗിച്ചാണ് ചിത്രരചനയിൽ ശ്രദ്ധേയനായിട്ടുള്ളത്
ക്രിസ്റ്റിയാനോയെയും ശ്രീകാന്ത് സ്റ്റാമ്പ് ആർട്ടിൽ പകർത്തിയിട്ടുണ്ട്. ലീഫ് ആർട്ട്, വാട്ടർ മെലൺ കാർവിംഗ് തുടങ്ങിയ രീതികൾ അവലംബിച്ചും ചിത്രരചന നടത്തും.
ഭാര്യ: സ്വാതി
മകൾ: രണ്ടു വയസുകാരി ജാനകി.