കല്ലറ : കല്ലറ പഞ്ചായത്തിലെ പ്ലാക്കോട് ചെമ്പൻകോട് റോഡിനു 4 കോടി അനുവദിച്ചതിന്റ സന്തോഷത്തിൽ ആയിരുന്നു നാട്ടുകാർ. എന്നാൽ കാലമിത്ര ആയിട്ടും ഈ ഫണ്ട് ഇവിടെ വിനിയോഗിച്ചിട്ടില്ല. കല്ലറ മുതുവിള റൂട്ടിൽ പ്ലാക്കോട് മുതൽ ചെമ്പൻകോട് വരെ എത്തി നിൽക്കുന്ന 3 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ആണ് നാട്ടുകാർ ദുരിതം അനുഭവിക്കുന്നത്. കല്ലറ പഞ്ചായത്തിന്റ കീഴിലുള്ള രണ്ട് വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡ് ആണ് ഇത്.മാത്രമല്ല വെഞ്ഞാറമൂട് ടൗണിൽ പ്രവേശിക്കുന്നതിന് 9 കിലോമീറ്റർ മാത്രമുള്ള ഷോർട്ട് റൂട്ട് കൂടി ആയതിനാൽ ഒട്ടനവധി യാത്രക്കാർ ഈ വഴിയായിരുന്നു പോയിരുന്നത്.
കല്ലറ പഞ്ചായത്തിന് കീഴിലുള്ള ഈറോഡ് കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുൻപ് എംഎൽഎ റോഡ് ആക്കി മാറ്റുന്നതിന് വേണ്ട നടപടിക്രമങ്ങൾ എടുത്തിരുന്നു എന്നും എന്നാൽ ഇന്നുവരെ ഈ റോഡിനെ കാൽനടയാത്രക്കാർക്ക് പോകാൻ വിധം പോലു ആക്കിയിട്ടില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. ഒട്ടനവധി കിടപ്പുരോഗികൾ ഉള്ള ഈ സ്ഥലത്ത് പരിശോധനയ്ക്കും മരുന്നുകൾ കൊടുക്കുന്നതിനുമായി പാലിയേറ്റീവ് ആംബുലൻസ് സ്ഥിരം വരുമായിരുന്നു. എന്നാൽ ഇന്ന് റോഡിന്റെ ശോചനീയാവസ്ഥ കാരണം ആംബുലൻസ് ഇതുവഴി കടന്നു വരാറില്ല. സ്ഥിരം ബസ് റൂട്ട് ഉണ്ടായിരുന്നു ഇവിടെ, റോഡിന്റെ അവസ്ഥ മൂലം ബസ് റൂട്ട് നിർത്തിവയ്ക്കേണ്ടി വന്നു. ഓഫീസുകളിലും സ്കൂളുകളിൽ പോകുന്ന കുട്ടികൾക്കും കെഎസ്ആർടിസി ബസ് ആയിരുന്നു ഏക ആശ്രയം. എന്നാൽ ഇന്ന് കുട്ടികളും വഴിയാത്രക്കാരും ഓട്ടോകളെ ആശ്രയിക്കേണ്ട ഗതികേട് ആണ്. റോഡ് മോശമായതിനാൽ ഔട്ടോ പോലും വിളിച്ചാൽ വരാത്ത അവസ്ഥയാണ്.