പോത്തൻകോട് : പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ശൗചാലയത്തിന് സമീപം അനധികൃതമായി മദ്യ വില്പന നടത്തിയിരുന്നയാളെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു. കീഴ് തോന്നക്കൽ സ്വദേശി നവാസ് മൻസിലിൽ നൗഷാദിനെ(41)യാണ് അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ പരിസരത്ത് അനധികൃത മദ്യ ലഹരി വസ്തുകളുടെ വില്പനയും പെൺകുട്ടികളെ ശല്യം ചെയുന്നതുമായ പ്രവർത്തികൾ ഉണ്ട് എന്ന പരാതിയെ തുടർന്ന് നടത്തിയ അനേഷണത്തിലാണ് നൗഷാദിനെ പിടികൂടിയത് . കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ശൗചാലയം നടത്തിപ്പുകാരൻ കൂടിയായ നൗഷാദ് അന്യ സംസ്‌ഥാന തൊഴിലാളികൾ, യാത്രക്കാർ തുടങ്ങിയവർക്ക് വിദേശ മദ്യവും നിരോധിത ലഹരി വാസ്തുകളും ഉയർന്ന വിലയ്ക്കും വിറ്റു വരുകയായിരുന്നു. വാട്ടർ ടാങ്കിന്റെ ഇടയിലും ശൗചാലയത്തിന്റെ ഷട്ടറിന്റെ ഇടയിലുമാണ് നൗഷാദ് നിരോധിത ലഹരി വസ്തുകളും മറ്റും സൂക്ഷിച്ചിരുന്നത്. ബസ് സ്റ്റാൻഡ് പരിസരത്തു മദ്യവും ലഹരി വസ്തുകളും കച്ചവടം ചെയ്തു വരുന്നവരെ പോലീസ് നിരീക്ഷിക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും എന്നും പോലീസ് പറഞ്ഞു. പോത്തൻകോട് എസ്എച്ച്ഒ ശ്യാമിന്റെ നിർദേശ പ്രകാരം എസ്ഐ വിനോദ് വിക്രമാദിത്യൻ, സുനിൽ കുമാർ, ജിഎസ്ഐ ശ്രീനിവാസൻ, ഗ്രേസ് എസ്ഐമാരായ രാജയ്യൻ, ഗോപകുമാർ,സിപിഒ കിരൺ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.