വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ആലിയാട് ചേലയം ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച സാധനങ്ങൾ വിൽക്കുന്നതിനിടയിൽ പ്രതി പിടിയിൽ. വെഞ്ഞാറമൂട് മൂളയം സ്വദേശി കഞ്ചാവ് ശശി എന്നറിയപ്പെടുന്ന ശശിയെ (40) യാണ് അറസ്റ്റ് ചെയ്തത്.
ആലിയാട് ചേലയം ക്ഷേത്രത്തിൽ നിന്നും മോഷണം നടത്തിയ പതിനയ്യായിരം രൂപ വിലമതിക്കുന്ന ക്ഷേത്രസ്വത്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് ക്ഷേത്രത്തിന്റെ പുറകുവശത്തെ മതിൽ ചാടി ശശി അകത്തുകടന്നത്. തുടർന്ന് നിലവിളക്കുകളും, തൂക്കു വിളക്ക്, കൈവിളക്ക്, ചുറ്റുവിളക്ക്, ചെമ്പുക്കുടം തുടങ്ങി ഏകദേശം 15,000 രൂപ വിലമതിക്കുന്ന ക്ഷേത്രവക സാധനങ്ങളാണ് മോഷ്ടിച്ചു കടന്നതെന്നു പറയുന്നു. അതിരാവിലെ എത്തിയ പൂജാരിയാണ് മോഷണം തിരിച്ചറിഞ്ഞത്. മോഷണമുതലുകൾ വിൽപ്പനയ്ക്കായി ചെറിയ കഷ്ണങ്ങളാക്കി മാറ്റി വെഞ്ഞാറമൂടിനു സമീപം വയ്യേറ്റ് ആക്രിക്കടയിൽ എത്തിച്ചു. വിവരമറിഞ്ഞ് തൊട്ടുപിന്നാലെ വെഞ്ഞാറമൂട് പോലീസും സ്ഥലത്തെത്തി ശശിയെ കസ്റ്റഡിയിലെടുത്തു. . വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജുനാദ്, സബ് ഇൻസ്പെക്ടർ അമർത് സിംഗ് നായകം, സി.പി.ഒ. ഗോപകുമാർ ഹോംഗാർഡ് ശ്രീകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.