വിളവൂർക്കൽ: മരപ്പട്ടിയെ കൊന്ന് കറിവച്ച് കഴിച്ചയാളെ വനംവകുപ്പ് അധികൃതർ പിടികൂടി. വിളവൂർക്കൽ ചിറയിൽ പുത്തൻവീട്ടിൽ അമ്പിളി(50)യാണ് പിടിയിലായത്. മലയം മണലിവിളയിൽ പണി പൂർത്തിയാകാത്ത ഇയാളുടെ വീടിനരികിലായാണ് കെണിയൊരുക്കി മരപ്പട്ടിയെ പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ഇയാൾ ഇറച്ചി കറിവച്ച് കഴിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ട് ഓടാൻ ശ്രമിച്ചെങ്കിലും പിടികൂടി. സുഹൃത്തിന്റെ സഹായത്തോടെയാണ് കെണിക്കുള്ള കൂട് തയ്യാറാക്കിയതെന്ന് ഇയാൾ പറഞ്ഞു.
കെണിയൊരുക്കിയ കൂട്, പാത്രങ്ങൾ, ഇറച്ചിയുടെ അവശിഷ്ടങ്ങൾ, കറിവയ്ക്കുന്നതിനുപയോഗിച്ച ഉപകരണങ്ങൾ എന്നിവ സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തു. ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെട്ട മരപ്പട്ടികളെ പിടികൂടുന്നതും കൊന്ന് കറിവയ്ക്കുന്നതും രണ്ടു വർഷം മുതൽ ആറു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
വനംവകുപ്പിന്റെ പരുത്തിപ്പള്ളി ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ സുനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ.രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.