വർക്കല : കെഎസ്ആർടിസി ബസ്സിൽ നിന്ന് യാത്രക്കാർ തെറിച്ചു റോഡിൽ വീണാൽ അത്ഭുതപ്പെടാനില്ല. രണ്ടും ഡോറും തുറന്നു വെച്ച് മത്സരയോട്ടം നടത്തുകയാണ്. ആറ്റിങ്ങൽ കല്ലമ്പലം വർക്കല റൂട്ടിൽ ഓടുന്ന RC 695 ബസ് ചീറിപ്പായുന്നത് രണ്ട് ഡോറും വിശാലമായി തുറന്ന് വെച്ച്. ഇപ്പോൾ പ്രദേശത്ത് കെഎസ്ആർടിസി ചെയിൻ സർവീസ് തുടങ്ങിയതോടെ കെഎസ്ആർടിസിയും സ്വകാര്യ ബസ്സും മത്സരയോട്ടമാണ്. ഇതിൽ ബലിയാടാവുന്നത് പാവം യാത്രക്കാരും. ബസ്സിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഡോറുകൾ അടയ്ക്കണമെന്നും നിയമം നിലനിൽക്കുന്നുണ്ട്. ആ നിയമം സ്വകാര്യ ബസ്സുകൾക്ക് മാത്രമല്ല ബാധകം. എന്നാൽ ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലെന്ന ദാർഷ്ട്യത്തിൽ കെഎസ്ആർടിസിയുടെ ഈ മരണപ്പാച്ചിൽ ആരുടെയെങ്കിലും ജീവൻ അപഹരിക്കും.
ഡോർ തുറന്നു വെച്ച് ബസ് ഓടിക്കുന്നതിനു 5000 രൂപ വരെ പിഴ ചുമത്താനും പെർമിറ്റ് സസ്‌പെൻഷൻ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. അത് സ്വകാര്യ ബസ്സായാലും, കെഎസ്ആർടിസി ആയാലും ശരി തന്നെ. പക്ഷെ ഇവിടെ എന്തെ സ്വകാര്യ ബസ്സുകൾക്ക് മുന്നിൽ കൈ കാട്ടുന്ന കാക്കിപ്പട്ടാളം കെഎസ്ആർടിസിക്ക് മുന്നിൽ കൈ കാണിക്കുന്നില്ല. അതിൽ യാത്ര ചെയ്യുന്നവരുടെ ജീവന് വിലയില്ലേ… വയോധികരും കുട്ടികളുമടക്കം യാത്ര ചെയ്യുന്ന ഈ ബസ്സിൽ യാത്രക്കാർ കയറുമ്പോൾ ബസ് വേഗത്തിൽ മുന്നോട്ട് എടുത്താൽ എന്താവും സ്ഥിതി, കൈക്കുഞ്ഞുമായി കയറുന്ന സ്ത്രീകളും യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടാവില്ലേ… എന്താണ് ഇത്രയ്ക്കും അശ്രദ്ധമായി പാഞ്ഞുനീങ്ങുന്നത്. അടിയന്തിരമായി ആർടിഒ ഈ വിഷയത്തിൽ ഇടപെട്ടു യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.