മലയിൻകീഴ് : വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറി കെ.സുനിൽകുമാറിന്റെ ചൂഴാറ്റുകോട്ട പാമാംകോട് രേവന്ദനം വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച മുതൽ ഞായറാഴ്ച രാത്രിവരെ വീട്ടിൽ ആളില്ലായിരുന്നു. വീട്ടുകാർ മണക്കാടുള്ള അവരുടെ വീട്ടിലായിരുന്നു. ഞായറാഴ്ച രാത്രി എട്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അടുക്കള ഭാഗത്തെ വാതിലിൽ അടിഭാഗത്തെ പാളി കുത്തിപ്പൊളിച്ചായിരുന്നു മോഷ്ടാവ് അകത്തുകടന്നത്. മൂന്നുനിലകളായുള്ള വീട്ടിലെ മുറികളിലെല്ലാം മോഷ്ടാവ് കടന്നിരുന്നു. സാധനങ്ങളെല്ലാം വാരിവലിച്ചിട്ടനിലയിലായിരുന്നു. ഒന്നാംനിലയിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ഏഴുപവനോളം വരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പതിനായിരം രൂപയും ലാപ്‌ടോപ്പ്, റാഡോ വാച്ച് എന്നിവയും മോഷണം പോയതിലുൾപ്പെടുന്നു. മലയിൻകീഴ് പോലീസ് വിരലടയാള വിദഗ്ധരുടെ സഹായത്തോടെ തെളിവെടുപ്പു നടത്തി

								
															
								
								
															
															
				

