ബസ് സ്റ്റോപ്പിന് മുന്നിലെ മെറ്റൽകൂന, നാട്ടുകാരും യാത്രക്കാരും ദുരിതത്തിൽ

eiRBGW286951

പാലോട് : കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കായി പാലോട് ബസ് സ്റ്റോപ്പിന് സമീപം റോഡ് വക്കിൽ ഇറക്കിയിട്ടിരിക്കുന്ന മെറ്റൽക്കൂന യാത്രക്കാർക്ക് ഭീഷണിയാവുന്നു. ചെങ്കോട്ട പ്രധാന പാതയിൽ പാലോട്ടു നിന്നും നെടുമങ്ങാട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലാണ് മെറ്റൽക്കൂമ്പാരം ദുരിതം വിതയ്ക്കുന്നത്. ഇവിടെ യാത്രക്കാർ മെറ്റലിൽ തെന്നി വീഴുന്നതും അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റൽപ്പൊടി പറന്ന് ഷെഡിൽ ഇരിക്കുന്നവരുടെ ദേഹത്ത് പതിക്കുന്നത് യാത്രക്കാരിൽ പലർക്കും പരിക്കേൽക്കാൻ കാരണമായിട്ടുണ്ട്. ഇവിടെ ബസുകൾ നിറുത്തുമ്പോഴുള്ള പൊടിശല്യവും രൂക്ഷമാണ്. ഇത് ശ്വാസം മുട്ടൽ, ആസ്മ തുടങ്ങിയ രോഗങ്ങളുള്ള യാത്രക്കാരെ വലയ്ക്കുകയാണ്. കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ആളുകൾക്ക് കയറാനും ഇറങ്ങാനും മെറ്റൽക്കൂന തടസമായി തീർന്നു. ബസുകളിൽ ഓടിക്കയറാനും ബുദ്ധിമുട്ടാണ്. സമീപത്തെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇറക്കിയിട്ട മെറ്റലും പാറപ്പൊടിയുമാണ് യാത്രക്കാർക്ക് അപകടഭീഷണിയായി തീർന്നിരിക്കുന്നത്. നൂറുകണക്കിന് യാത്രക്കാർ ബസ് കാത്തുനില്ക്കുന്ന പ്രധാന സ്റ്റോപ്പാണിത്. മെറ്റൽക്കൂനയ്ക്ക് പുറമേ വെയിറ്റിംഗ് ഷെഡിന് പാർശ്വഭിത്തിയില്ലാത്തതും അപകടകാരണമാണ്. ബസു കാത്തുനില്ക്കുന്നവർ അപകടക്കുഴിയിൽ വീഴുന്നത് തുടർക്കഥയായിട്ടുണ്ട്. മൂക്കുപാലത്തിന് കൈവരി ഇല്ലാത്തതാണ് അപകടത്തിനു കാരണമാകുന്നത്.നേരത്തേയുണ്ടായിരുന്ന കമ്പിവേലി സമീപകാലത്ത് നഷ്ടപ്പെട്ടിരുന്നു. അതിനുശേഷം സ്ഥാപിച്ച പരസ്യബോർഡുകൾ യാത്രക്കാർക്ക് കൈവരിപോലെ സഹായകമായിരുന്നു. ബസു കാത്തുനില്ക്കുന്നവരുടെ ഓരം ചേർത്താണ് ബസുകൾ ആളുകളെ കയറ്റാൻ നിർത്തുന്നത്. ഇങ്ങനെ നിറുത്തുമ്പോൾ പെട്ടെന്ന് പിന്നിലേക്ക് മാറിയാൽ താഴെ തോട്ടിൽ വീണ് അപകടം സംഭവിക്കാൻ സാദ്ധ്യതയേറെയാണ്. പ്രശ്ന പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരും സന്നദ്ധ സംഘടനകളും നിരവധി തവണ നന്ദിയോട് ഗ്രാമപഞ്ചായത്ത് അധികൃതരെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും അവഗണനയായിരുന്നു ഫലമെന്നാണ് ആക്ഷേപം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!