പള്ളിക്കൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽ ഫോണിലൂടെ വശീകരിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിള്ളിക്കൽ കൊക്കോട്ടുകോണം കുളത്തിൻകര വീട്ടിൽ അജീർ (19) നെയാണ് അറസ്റ്റ് ചെയ്തത്.
14 വയസുള്ള ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെയാണ് പ്രതി മൊബൈൽ ഫോൺ വഴി വശീകരിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ കൈവശം മൊബൈൽഫോൺ ഉള്ളതാണ് പ്രതിക്ക് സഹായകമായത്. സ്കൂൾ തുറന്ന് ഓൺലൈൻ ക്ലാസുകൾ അവസാനിച്ചെങ്കിലും ഇപ്പോഴും കുട്ടിയുടെ കൈവശം ഫോൺ ഉണ്ട്. പെൺകുട്ടിയുടെ നമ്പർ സംഘടിപ്പിച്ച പ്രതി സന്ദേശങ്ങൾ അയയ്ക്കുകയും പരിചയപ്പെടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പ്രതി അശ്ലീല വീഡിയോകൾ പെൺകുട്ടിക്ക് അയക്കുകയും വീഡിയോ കോൾ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ച സ്കൂളിലെ അധ്യാപകരാണ് ഇത് കണ്ടെത്തിയത്. തുടർന്ന് വിവരം പള്ളിക്കൽ പോലീസിൽ അറിയിച്ചു.
ഈ പരിചയപ്പെട്ട പ്രതിയെ കുട്ടിക്ക് അറിയില്ല മാത്രവുമല്ല പ്രതിയുടെ പേര് പോലും കുട്ടിക്ക് അറിയില്ലെന്നും പോലീസ് അറിയിച്ചു. തുടർന്ന് കുട്ടിയുടെ ഫോണിൽ കാണപ്പെട്ട ഫോൺ നമ്പരിൽ നിന്നും അന്വേഷണം നടത്തിയാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈലിൽ നിന്നും നിരവധി അശ്ലീല വീഡിയോകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കുട്ടിയെ ഇത്തരത്തിലൂടെ വശീകരിച്ചെടുത്ത് പീഡിപ്പിക്കാനായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് പോലീസ് പറയുന്നു. കുട്ടികൾക്ക് മൊബൈലുകൾ വാങ്ങി നൽകുമ്പോൾ മാതാപിതാക്കൾക്കും അധ്യാപകർക്കും കരുതലുണ്ടാവണമെന്ന് പോലീസ് അറിയിച്ചു.
പള്ളിക്കൽ സി.ഐ ശ്രീജിത്ത് പിയുടെ നേതൃത്വത്തിൽ എസ്.ഐ സഹിൽ. എം, എസ്.സി.പി.ഒ മനോജ്, സി.പി.ഒമാരായ രാജീവ്, ഷമീർ ,അജീസ്, ഡബ്ല്യു.സി.പി.ഒ അനു മോഹൻ എന്നിവർ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.