വെഞ്ഞാറമൂട്: പിരപ്പൻകോട്ടെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നു മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ദമ്പതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പിരപ്പൻകോട് മുത്തൂറ്റ് ഫിൻകോർപ്പ് എന്ന സ്ഥാപനത്തിൽ നിന്നു കടയ്‌ക്കൽ സ്വദേശികളായ ബിച്ചു വിജയൻ, ഭാര്യ കൃഷ്ണ എന്നിവരാണ് 7.15 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്. ഏരിയാ മാനേജർ പ്രവീൺകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാർച്ച് 19നും 29നും ഇവർ പിരപ്പൻകോട് ബ്രാഞ്ചിലെത്തി 586 ഗ്രാം സ്വർണം പണയംവച്ച് 11.90 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഹെഡ് ഓഫീസിൽ നിന്നുമെത്തിയ വിദഗ്ദ്ധസംഘത്തിന്റെ പരിശോധനയിൽ ഇതിൽ 323 ഗ്രാം മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് മാനേജർ അനുപമയും ഏരിയാ മാനേജർ പ്രവീൺ കുമാറും വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി പരാതി നൽകി. ദമ്പതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് വെഞ്ഞാറമൂട് സി.ഐ എസ്. ജയകുമാറും എസ്.ഐ തമ്പിയും പറഞ്ഞു.